രാജ്‌നാഥ് സിങ് ഐഎന്‍എസ് വിശാഖപ്പട്ടണം ഇന്ന് ഇന്ത്യന്‍ നേവിക്ക് സമര്‍പ്പിക്കും
മുംബൈ: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഇന്ന് ഐഎന്‍എസ് വിശാഖപ്പട്ടണം ഇന്ത്യന്‍ നേവിക്ക് സമര്‍പ്പിക്കും. മുംബൈ ഡോക് യാര്‍ഡിലാണ് ഐഎന്‍എസ് വിശാഖപ്പട്ടണം ഔദ്യോഗികമായി കമ്മീഷന്‍ ചെയ്യുന്നത്.
ഇന്ത്യയുടെ ആദ്യത്തെ സ്‌റ്റെല്‍ത്ത് ഗൈഡഡ് മിസൈല്‍ പ്രതിരോധ കപ്പലാണ് ഐഎന്‍എസ് വിശാഖപ്പട്ടണം. രാജ്‌നാഥ് സിങിനു പുറമെ ചീഫ് നേവല്‍ സ്റ്റാഫ് അഡ്മിറല്‍ കരംബീര്‍ സിങ് ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും.
പൂര്‍ണമായും തദ്ദേശ സ്റ്റീല്‍ ഉപയോഗിച്ചാണ് ഐഎന്‍എസ് വിശാഖപ്പട്ടണം നിര്‍മിച്ചിരിക്കുന്നത്. 163 മീറ്റര്‍ നീളവും 7,400 ടണ്‍ വിസ്താപനശേഷിയുമുള്ള ഈ കപ്പല്‍ ഇന്ത്യയില്‍ നിര്‍മിച്ചവയില്‍ ഏറ്റവും വലുതാണ്. അത്മനിര്‍ഭര്‍ ഭാരത് പദ്ധതിപ്രകാരം 75 ശതമാനവും ഇന്ത്യന്‍ നിര്‍മിതമാണ് ഈ കപ്പല്‍. നാവികയുദ്ധമേഖലയില്‍ ബഹുമുഖ രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള ശേഷിയുമുണ്ട്.
വിവിധ തരത്തിലുള്ള ആയുധങ്ങള്‍, ആയുധ സെന്‍സറുകള്‍, സൂപ്പര്‍ സോണിക് സര്‍ഫസ്-ടു-സര്‍ഫസ് എയര്‍ മിസൈല്‍, മീഡിയം & ഷോര്‍ട്ട് റേഞ്ച് തോക്കുകള്‍, ആന്റി സബ്മറൈന്‍ റോക്കറ്റുകള്‍, ഇലക്ടോണിക്, കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. 30 നോട്ടിക്കല്‍ മൈല്‍ സ്പീഡ് ലഭ്യമാകുന്ന കപ്പല്‍ ഗ്യാസിലും അല്ലാതെയും പ്രവര്‍ത്തിക്കാം. രണ്ട് ഹെലികോപ്റ്ററുകളും ഇതിന്റെ ഭാഗമാണ്.