രാമ ക്ഷേത്ര നിര്‍മാണം ജനുവരി 15നകം ആരംഭിക്കും
65 ഏക്കറോളം വരുന്ന പരിസരത്തെ ഭൂമിയിലെ വികസന പദ്ധതികളെക്കുറിച്ചും നിര്‍ണായക യോഗത്തില്‍ ചര്‍ച്ചയായി.
ലക്‌നൗ: ഉത്തര്‍പ്രദേശിലെ അയോധ്യയിലെ രാമ ക്ഷേത്രം നിര്‍മാണം ജനുവരി 15 ന് ആരംഭിക്കുമെന്ന് ശ്രീ രാമ ജന്മഭൂമി തീര്‍ത്ത് ക്ഷേത്ര ട്രസ്റ്റ് ട്രഷറര്‍ സ്വാമി ഗോവിന്ദ് ദേവ് ഗിരി. ട്രസ്റ്റിലെ അംഗങ്ങള്‍ അയോധ്യയിലെ സര്‍ക്യൂട്ട് ഹൗസില്‍ രണ്ട് ദിവസം യോഗം ചേര്‍ന്ന് രാമ ക്ഷേത്രം നിര്‍മ്മാണം അടുത്ത മാസം ആരംഭിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈകൊണ്ടതായി അദ്ദേഹം പറഞ്ഞു.
ലാര്‍സന്‍ ആന്റ് ടൂബ്രോ, റ്റാറ്റ കണ്‍സള്‍ട്ടിങ് കണ്‍സള്‍ട്ടിംഗ് എഞ്ചിനീയേഴ്‌സ് ലിമിറ്റഡ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി മദ്രാസ്, ഐഐടി റൂക്കി എന്നിവയിലെ വിദഗ്ധരും അക്ഷര്‍ധാം ക്ഷേത്ര വാസ്തുശില്പി ബ്രഹം വിഹാരി സ്വാമി, രാമക്ഷേത്രത്തിലെ ആര്‍ക്കിടെക്റ്റുകളിലൊരാളായ ആശിഷ് സോംപുരയും യോഗത്തില്‍ പങ്കെടുത്തു.
നിര്‍മാണം ആരംഭിക്കുന്നതിനു പിന്നാലെ നിര്‍ദ്ദിഷ്ട ക്ഷേത്രത്തിന്റെ അടിത്തറയെക്കുറിച്ചുള്ള അന്തിമ റിപോര്‍ട്ട് വിദഗ്ധര്‍ സമര്‍പ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സ്വാമി ഗോവിന്ദ് ദേവ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 65 ഏക്കറോളം വരുന്ന പരിസരത്തെ ഭൂമിയിലെ വികസന പദ്ധതികളെക്കുറിച്ചും നിര്‍ണായക യോഗത്തില്‍ ചര്‍ച്ചയായി. ഇവിടം വേദനഗരമാക്കി വികസിപ്പിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഗ്രഹിക്കുന്നുവെന്ന് ശ്രീരാം ജന്മഭൂമി തീര്‍ത്ത് ക്ഷത്ര ട്രസ്റ്റ് അംഗം പറഞ്ഞു.
അയോധ്യയില്‍ അടുത്തിടെ നടന്ന ദീപോത്സവ് ഉത്സവത്തില്‍ പങ്കെടുത്തപ്പോള്‍ ആദിത്യനാഥ് അയോദ്ധ്യയെ 'വേദ രാമായണ നഗരം' ആയി വികസിപ്പിക്കുകയെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഗ്രഹമാണെന്ന് വ്യക്തമാക്കിയിരുന്നു. ടൂറിസത്തിനായി ആഗോള നഗരമായി വികസിപ്പിക്കാന്‍ യുപി സര്‍ക്കാരിന് പദ്ധതിയുണ്ട്. സരയു നദിയുടെ ഒഴുക്കും ശുചിത്വവും നിലനിര്‍ത്തുന്നതിനായി ഒരു ആധുനിക മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കും.