കുവൈത്തില്‍ ഇന്ന് മുതല്‍ റമദാന്‍ ആരംഭിച്ചു; കര്‍ഫ്യൂ സമയത്തില്‍ മാറ്റം
പ്രതിരോധ നടപടികളുടെ ഭാഗമായി പള്ളികള്‍ അടച്ചിട്ടതിനാല്‍ റമദാനിലെ പ്രത്യേക പ്രാര്‍ത്ഥനകളായ തറാവീഹ് , നിശാ നമസ്‌കാരങ്ങള്‍ പള്ളികളിലെ ജീവനക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
കുവൈത്ത് സിറ്റി: റമദാന്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് കുവൈത്തില്‍ ഇന്ന് മുതല്‍ റമദാന്‍ വ്രതം. മതകാര്യ മന്ത്രാലയം, റമദാന്‍ മാസപ്പിറവി സമിതി എന്നിവയുടെ നേതൃത്വത്തില്‍ സുപ്രീം ജീഡിഷ്യല്‍ കൗണ്‍സില്‍ ആസ്ഥാനത്ത് മുമ്പ് ചേര്‍ന്ന യോഗത്തിലാണു ഇത് സംബന്ധിച്ച പ്രഖ്യാപനം നടന്നത്.
സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ അധ്യക്ഷന്‍ യൂസഫ് അല്‍ മുത്തവ, മതകാര്യ നീതിന്യായ മന്ത്രി ഡോ. ഫഹദ് അല്‍ അഫാസി മുതലായവരുടെ സാന്നിധ്യത്തിലാണു തീരുമാനം പ്രഖ്യാപിച്ചത്. നേരത്തെ സൗദി അറേബ്യയും വെള്ളിയാഴ്ച റമദാന്‍ മാസ വ്രതം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒമാനില്‍ ശനിയാഴ്ച മുതലാണു വ്രതാരംഭം.
കൊറോണ വൈറസ് പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ സമയം റമദാന്‍ 1 മുതല്‍ വൈകീട്ട് 4 മണി മുതല്‍ കാലത്ത് 8 മണി വരെയായിരിക്കും. പ്രതിരോധ നടപടികളുടെ ഭാഗമായി പള്ളികള്‍ അടച്ചിട്ടതിനാല്‍ റമദാനിലെ പ്രത്യേക പ്രാര്‍ത്ഥനകളായ തറാവീഹ് , നിശാ നമസ്‌കാരങ്ങള്‍ പള്ളികളിലെ ജീവനക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. പള്ളികള്‍ ടെന്റുകള്‍ , വീടുകള്‍ മുതലായ ഇടങ്ങളില്‍ വെച്ചു നടത്തപ്പെടുന്ന സമൂഹ നോമ്പ് തുറ പരിപാടികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.