2021ല്‍ മാത്രം ഇറക്കിയത് 142 ഓര്‍ഡിനന്‍സുകള്‍; സംസ്ഥാനത്തെ ഓര്‍ഡിനന്‍സ് രാജ് അവസാനിപ്പിക്കണമെന്നും ചെന്നിത്തല
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 213 സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് രാജ് അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യയില്‍ ഒരു സംസ്ഥാനത്ത് ഇത്രയും അധികം ഓര്‍ഡിനന്‍സുകള്‍ ഇറക്കിയിട്ടില്ല. ഏറ്റവും അടിയന്തരമായ ഘട്ടത്തില്‍ മാത്രം ഇറക്കേണ്ടതാണ്
ഓര്‍ഡിനന്‍സുകള്‍. എന്നാല്‍ ഇന്നു കേരളത്തില്‍ ഓര്‍ഡിനന്‍സ് രാജാണു നടക്കുന്നത്.2021ല്‍ മാത്രം 142 ഓര്‍ഡിനന്‍സുകളാണ് ഇറക്കിയത്. ഈ വര്‍ഷം ഇതേ വരെ പതിനാല് ഓര്‍ഡിനന്‍സുകള്‍ ഇറക്കിക്കഴിഞ്ഞു. ഇപ്പോള്‍ പതിനൊന്ന് ഓര്‍ഡിനന്‍സുകള്‍ ഇറക്കാനുള്ള തത്രപ്പാടിലാണ് സര്‍ക്കാര്‍. വളരെ ലാഘവത്തോടെയാണ് ഇത് കൈകാര്യം ചെയ്യുന്നത് എന്നതിനു തെളിവാണ് പോലിസിന് അമിതാധികാരം നല്‍കുന്ന ഓര്‍ഡിനന്‍സ്. ഇതിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ 24 മണിക്കൂറിനുള്ളില്‍ മറ്റൊരു ഓര്‍ഡിനന്‍സിലൂടെ അത് പിന്‍വലിച്ചത് ആരും മറന്നിട്ടില്ല. 1985 ല്‍ ഡി.സി. വാധ്‌വ Vs സ്‌റ്റേറ്റ് ഓഫ് ബീഹാര്‍ കേസില്‍ സുപ്രീം കോടതി പറഞ്ഞത് അടിയന്തര ഘട്ടത്തിലല്ലാതെ ഓര്‍ഡിനന്‍സ് ഇറക്കുന്നത് ഫ്രോഡ് ഓണ്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ എന്നാണ്. അക്കാര്യം സര്‍ക്കാര്‍ മറക്കരുത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 213 സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണ്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.