റാന്‍സംവെയര്‍ ആക്രമണം; സ്‌പൈസ് ജറ്റ് യാത്രികര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങി
ന്യൂഡല്‍ഹി: സ്‌പൈസ് ജറ്റ് വിമാനങ്ങളില്‍ യാത്രതിരിക്കാനെത്തിയവര്‍ വിമാനത്താവളങ്ങളില്‍ മണിക്കൂറുകളോളം കുടുങ്ങിയതിനുപിന്നില്‍ റാന്‍സംവെയര്‍ ആക്രമണമെന്ന് സൂചന. വിവിധ വിമാനത്താവളങ്ങളില്‍ നൂറുകണക്കിന് പേരാണ് കുടുങ്ങിക്കിടന്നത്. 45 മിനിട്ട് മുതല്‍ 4 മണിക്കൂര്‍ വരെ കുടുങ്ങിയവരുണ്ട്. യാത്ര അനിശ്ചിതമായി നീണ്ടതോടെ യാത്രക്കാര്‍ രോഷാകുലരാവുകയും സാമൂഹികമാധ്യമങ്ങളില്‍ പ്രതികരിക്കുകയും ചെയ്തു.
ഇപ്പോള്‍ തങ്ങളുടെ കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നും ഐടി ടീം അറിയിച്ചതായി സ്‌പൈസ് ജറ്റ് പിന്നീട് പ്രതികരിച്ചു.
റാന്‍സംവയര്‍ നമ്മുടെ കമ്പ്യൂട്ടറുകളെ ആക്രമിക്കുന്ന സോഫ്റ്റ്‌വെയര്‍ ആണ്. അത് കമ്പ്യൂട്ടറുകളുടെ നിയന്ത്രണമേറ്റെടുത്ത് പണം ആവശ്യപ്പെടും.
സംവിധാനങ്ങള്‍ സാധാരണ നിലയിലായെന്ന ട്വീറ്റിനോടും യാത്രക്കാര്‍ പ്രതിഷേധിച്ചു. തങ്ങള്‍ വെള്ളവും ഭക്ഷണവുമില്ലാതെ കിടക്കുകയാണെന്നും എങ്ങനെയാണ് സാധാരണനിലയിലായെന്ന് പറയുകയെന്നും ചിലര്‍ പ്രതികരിച്ചു.
'ചില സ്‌പൈസ് ജെറ്റ് കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ ഇന്നലെ രാത്രി റാന്‍സംവെയര്‍ ആക്രമണത്തിന് വിധേയമായി. അത് ഇന്ന് രാവിലെ വിമാനങ്ങള്‍ പുറപ്പെടുന്നതിനെ ബാധിച്ചു. അതോടെ പോകുന്ന വിമാനങ്ങളുടെ ഓപറേഷന്‍ മന്ദഗതിയിലാവുകയും ചെയ്തു. ഞങ്ങളുടെ ഐടി ടീം സ്ഥിതിഗതികള്‍ ശരിയാക്കിയിട്ടുണ്ട്. വിമാനങ്ങള്‍ ഇപ്പോള്‍ സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുന്നു,'- സ്‌പൈസ് ജറ്റ് ട്വീറ്റ് ചെയ്തു.