ആറന്‍മുളയിലും തിരുവനന്തപുരത്തും നടന്ന ബലാല്‍സംഗങ്ങള്‍ ആരോഗ്യ വകുപ്പിന്റെ വീഴ്ച: വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ്
കൊവിഡ് മുന്‍ കരുതലുകള്‍ക്കൊപ്പം സ്ത്രീ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പ് വരുത്തണം.
തിരുവനന്തപുരം: കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ആവര്‍ത്തിക്കുന്ന ബലാല്‍സംഘങ്ങള്‍ ആരോഗ്യ വകുപ്പിന്റെ വീഴ്ചയാണെന്ന് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ജബീന ഇര്‍ഷാദ് പ്രസ്താവിച്ചു. ആറന്‍മുളയില്‍ ആംബുലന്‍സ് ഡ്രൈവര്‍ ക്രൂരമായി ബലാല്‍സംഘം ചെയ്ത പെണ്‍കുട്ടി ഇപ്പോഴും ശരിയായ മാനസികനില കൈവരിച്ചിട്ടില്ല. കൊലക്കേസ് പ്രതിയെ 108 ആംബുലന്‍സിന്റെ ഡ്രൈവറായി നിയോഗിക്കപ്പെട്ടതും അന്വേഷിക്കണം. അതിനിടയിലാണ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തിരുവന്തപുരത്ത് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ച യുവതിയെ വീട്ടില്‍ വിളിച്ച് വരുത്തി ക്രൂരമായി ബലാല്‍സംഘം ചെയ്തത്.
വീട്ടിനകത്ത് കട്ടിലില്‍ കെട്ടിയിട്ടാണ് പല തവണ ബലാല്‍സംഘത്തിന് ഇരയാക്കിയത്. കൊവിഡ് മുന്‍ കരുതലുകള്‍ക്കൊപ്പം സ്ത്രീ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പ് വരുത്തണം. രോഗികളെ അകറ്റി നിറുത്തുന്നത് ഭീതിതമായ അരക്ഷിതാവസ്ഥകളിലേക്കായിരിക്കരുത്. ആരോഗ്യമേഖലയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ പുനര്‍നിര്‍ണയിക്കുകയും കുറ്റമറ്റതാക്കുകയും ചെയ്യണം. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ സൈ്വര്യ വിഹാരം നടത്തുന്ന സാഹചര്യവും ബലാല്‍സംഗങ്ങള്‍ വര്‍ധിക്കുവാന്‍ കാരണമാകുന്നു. ആഭ്യന്തര വകുപ്പിന് ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാവില്ല. സ്ത്രീ സുരക്ഷ ഉറപ്പു വരുത്തേണ്ട ബാധ്യത സര്‍ക്കാറിനുണ്ടെന്നും ജബീന ഇര്‍ഷാദ് ചൂണ്ടിക്കാട്ടി.