ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ 'രാഷ്ട്രപത്‌നി' പരാമര്‍ശമുയര്‍ത്തിയ വിവാദങ്ങള്‍ക്കിടെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി എന്നിവര്‍ രാഷ്ട്രപതി ഭവനിലെത്തി ദ്രൗപദി മുര്‍മുവിന് പിന്തുണ അറിയിച്ചു. സഹമന്ത്രിമാരായ മഹേന്ദ്ര മുഞ്ജ്പാര, ജോണ്‍ ബര്‍ല എന്നിവര്‍ക്കൊപ്പമാണ് സ്മൃതി ഇറാനി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ചത്. 'ആദരണീയ രാഷ്ട്രപതി, ദ്രൗപതി മുര്‍മു ജിയെ സന്ദര്‍ശിച്ചു- എന്നാണ് അമിത് ഷാ ട്വീറ്റ് ചെയ്തത്.
Had the privilege of calling upon the Honourable President of India Droupadi Murmu Ji along with MOS @DrMunjparaBJP Ji & @johnbarlabjp Ji. pic.twitter.com/TewSJUWiqT
— Smriti Z Irani (@smritiirani) July 29, 2022
വിവാദപരാമര്‍ശം നടത്തിയ അധീര്‍ രഞ്ജന്‍ ചൗധരി തനിക്ക് സംഭവിച്ചത് ഒരു നാക്കുപിഴയാണെന്ന് വ്യക്തമാക്കാന്‍ രാഷ്ട്രപതിയെ കാണുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 'രാഷ്ട്രപത്‌നി' എന്ന തന്റെ പ്രസ്താവന വെറും 'നാക്ക് പിഴ' മാത്രമാണെന്നും രാഷ്ട്രപതിയെ ഇകഴ്ത്താന്‍ താന്‍ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്നുമാണ് ലോക്‌സഭയില്‍ കോണ്‍ഗ്രസ് നേതാവ് ചൗധരി പറഞ്ഞത്. അതേസമയം, രാഷ്ട്രപതിക്കെതിരെ അധീര്‍ രഞ്ജന്‍ ചൗധരി നടത്തിയ വിവാദപരാമര്‍ശത്തിന്‍മേല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമായി. അധീര്‍ രഞ്ജന്‍ ചൗധരി മാപ്പ് പറയണമെന്നാവശ്യപ്പെട്ടായിരുന്നു ബിജെപി നേതാക്കളുടെ പ്രതിഷേധം.