'രാഷ്ട്രപത്‌നി' പരാമര്‍ശം; അധീര്‍ രഞ്ജന്‍ ചൗധരി മാപ്പ് പറയണമെന്ന് സ്മൃതി ഇറാനി
ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെതിരേ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിക്കെതിരേ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. കോണ്‍ഗ്രസ് ദലിത് വിരുദ്ധ, ആദിവാസി വിരുദ്ധ, സ്ത്രീവിരുദ്ധ പാര്‍ട്ടിയാണെന്നും അവര്‍ ആരോപിച്ചു.
കോണ്‍ഗ്രസ് നേതാവും ലോക് സഭാ എംപിയുമായ അധീര്‍ രഞ്ജന്‍ ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപത്‌നി എന്ന് വിശേഷിപ്പിച്ചതിനെതിരേയാണ് സ്മൃതി രംഗത്തുവന്നത്.
കോണ്‍ഗ്രസും അധീര്‍ രഞ്ജന്‍ ചൗധരിയും പാര്‍ലമെന്റിലും ജനങ്ങളോട് തെരുവിലും മാപ്പ് പറയണമെന്നും സ്മൃതി ആവശ്യപ്പെട്ടു.
അതേസമയം രാഷ്ട്രപത്‌നി എന്ന് പറഞ്ഞത് ഒരു നാക്ക് പിഴയാണെന്നും രാഷ്ട്രപതിയെ മോശമായി ചിത്രീകരിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. ചെറിയൊരു കാര്യത്തെ വലുതാക്കാനാണ് സ്മൃതി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തില്‍ അധീര്‍ രഞ്ജന്‍ ചൗധരി മാപ്പ് പറഞ്ഞതാണെന്ന് സോണിയാഗാന്ധിയും പറഞ്ഞു.
സോണിയാഗാന്ധി മാപ്പ് പറയണമെന്ന് രാജ്യസഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമനും ആവശ്യപ്പെട്ടു.
സോണിയയും ചൗധരിയും മാപ്പ് പറയണമെന്ന് സ്മൃതി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.
സ്ഥാനാര്‍ത്ഥിയായി മുര്‍മുവിനെ നിശ്ചയിച്ചതുമുതല്‍ കോണ്‍ഗ്രസ് അവരെ ലക്ഷ്യം വച്ചിരുന്നുവെന്നും മുര്‍മുവിനെ പാവയെന്ന് വിശേഷിപ്പിച്ചതായും സ്മൃതി ആരോപിച്ചു.
ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവാണ് ചൗധരി, നിരവധി വിഷയങ്ങളില്‍ പാര്‍ട്ടിയുടെ പ്രതിഷേധത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ചൗധരി ഈ പരാമര്‍ശം നടത്തിയത്.