ഊരുകളിലെത്തും റേഷന്‍ കട: 'സഞ്ചരിക്കുന്ന റേഷന്‍ കട' പദ്ധതി കോഴിക്കോട് ജില്ലയിലും
കോഴിക്കോട്: ഭക്ഷ്യധാന്യങ്ങള്‍ ഊരുകളിലെ വീടുകളിലേക്ക് എത്തിച്ചുനല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ 'സഞ്ചരിക്കുന്ന റേഷന്‍ കട' പദ്ധതി കോഴിക്കോട് ജില്ലയിലും ആരംഭിക്കും. ദുര്‍ബല വിഭാഗങ്ങള്‍ക്കും വനമേഖലകളില്‍ കഴിയുന്നവര്‍ക്കും നേരിട്ട് റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്ന പദ്ധതി ജില്ലയില്‍ ആദ്യമായി താമരശ്ശേരി താലൂക്കിലാണ് നടപ്പാക്കുന്നത്.
കൂടരഞ്ഞി പഞ്ചായത്തിലെ മഞ്ഞക്കടവ്, തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പന്‍പുഴ, മേലെ പൊന്നാങ്കയം, പുതുപ്പാടി പഞ്ചായത്തിലെ കുറുമരുകണ്ടി പ്രദേശങ്ങളിലാണ് സേവനം ഒരുക്കുന്നത്. റേഷന്‍ കടകളിലെത്താന്‍ പ്രയാസമനുഭവിക്കുന്ന ഈ പ്രദേശങ്ങളിലെ 100ലധികം ആദിവാസി കുടുംബങ്ങള്‍ക്ക് പദ്ധതി പ്രയോജനപ്പെടും.
റേഷന്‍ വിഹിതമായ അരി, ഗോതമ്പ്, മണ്ണെണ്ണ, പഞ്ചസാര എന്നിവയാണ് പദ്ധതിയിലൂടെ ഊരുകളില്‍ എത്തിക്കുക. പ്രദേശവാസികളുടെ സൗകര്യാര്‍ഥ്യം മാസത്തില്‍ ഒരു തവണയായിരിക്കും വിതരണം. റേഷനിങ് ഇന്‍സ്‌പെക്ടറും വാഹനത്തില്‍ ഉണ്ടാവും.
റേഷന്‍ വിഹിതം കൈപ്പറ്റാന്‍ ഒറ്റപ്പട്ട വനമേഖലകളില്‍ നിന്നും ദൂരങ്ങള്‍ താണ്ടി എത്തേണ്ട അവസ്ഥയ്ക്ക് പരിഹാരമായിരിക്കും പദ്ധതിയെന്നും എല്ലാ വിഭാഗങ്ങള്‍ക്കും ഭക്ഷ്യ ഭദ്രത ഉറപ്പാക്കുകയെന്നതാണ് ലക്ഷ്യമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ രാജീവ് പറഞ്ഞു.