മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ കിരീടം പോരാട്ടം ഇത്തവണ കനക്കുന്നു. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ റയല്‍ മാഡ്രിഡ് ജയം തുടര്‍ന്നപ്പോള്‍ ബാഴ്‌സയുമായുള്ള പോയിന്റ് അന്തരം രണ്ടായി കുറഞ്ഞു. വലന്‍സിയയെയാണ് എതിരില്ലാത്ത മൂന്ന് ഗോളിന് റയല്‍ തോല്‍പ്പിച്ചത്.ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള റയലിന് 62 പോയിന്റായി. ബാഴ്‌സയ്ക്ക് ലീഗില്‍ 64 പോയിന്റാണുള്ളത്. കരീം ബെന്‍സിമ(61, 86), അസെന്‍സിയോ (74) എന്നിവരാണ് ലീഗില്‍ എട്ടാം സ്ഥാനത്തുള്ള വലന്‍സിയ്‌ക്കെതിരേ ഗോള്‍ നേടിയത്. ഇന്നത്തെ ഇരട്ട ഗോള്‍ നേട്ടത്തോടെ റയലിനായി കൂടുതല്‍ ഗോള്‍ നേടുന്ന അഞ്ചാമത്തെ താരമെന്ന റെക്കോഡും ഫ്രഞ്ച് താരമായ ബെന്‍സിമ സ്വന്തമാക്കി. 243 ഗോളാണ് താരം റയലിന് വേണ്ടി നേടിയത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ(450), റൗള്‍(323), സ്‌റ്റെഫാനോ(308), സാന്റില്‍നാ(290) എന്നിവരാണ് റയലിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാര്‍. മറ്റൊരു മല്‍സരത്തില്‍ ആല്‍വ്‌സ് റയല്‍ സോസിഡാഡിനെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ആല്‍വ്‌സ് ലീഗില്‍ 12ാം സ്ഥാനത്തും റയല്‍ സോസിഡാഡ് ആറാം സ്ഥാനത്തുമാണ്.