ചാംപ്യന്‍സ് ലീഗ്; റയലിനെ നിലംപരിശാക്കി നീലപ്പട ഫൈനലില്‍
മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഫൈനലിലെ എതിരാളികള്‍.
സ്റ്റാംഫോഡ് ബ്രിഡ്ജ്: 13 തവണ കിരീടം നേടിയ സ്പാനിഷ് പ്രമുഖരെ ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്താക്കി ടുഷേലിന്റെ ചെല്‍സി. ഇന്ന് നടന്ന രണ്ടാം പാദത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് റയല്‍ മാഡ്രിഡിന്റെ തോല്‍വി. ഇരുപാദങ്ങളിലുമായി 3-1ന്റെ ജയമാണ് നീലപ്പട നേടിയത്. 2012ന് ശേഷം ആദ്യമായാണ് ചെല്‍സി ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഫൈനലിലെ എതിരാളികള്‍.സമ്പൂര്‍ണ്ണ ആധിപത്യത്തോടെയാണ് ചെല്‍സിയുടെ ഫൈനല്‍ പ്രവേശനം.
14ാം ചാംപ്യന്‍സ് ലീഗ് കിരീടം നേടാമെന്ന സിദാന്റെ ടീമിനെയാണ് സ്റ്റാംഫോം ബ്രിഡ്ജില്‍ ചെല്‍സി അവസാനിപ്പിച്ചത്. ടീമോ വെര്‍ണര്‍(28), മൗണ്ട് (85) എന്നിവരാണ് ചെല്‍സിയുടെ സ്‌കോര്‍മാര്‍. ആദ്യപകുതിയില്‍ റയലിന്റെ ബെന്‍സിമ മികച്ച രണ്ട് ശ്രമങ്ങള്‍ നടത്തിയെങ്കില്‍ ചെല്‍സി ഗോളി അത് തടയുകയായിരുന്നു. ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിനും ഇന്ന് ടീമിനായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. രണ്ടാം പകുതിയിലാണ് ചെല്‍സി കൂടുതല്‍ കരുത്തികാട്ടിയത്. സ്പാനിഷ് ലീഗ് കിരീടം തുലാസിലായ റയലിന് ചാംപ്യന്‍സ് ലീഗ് കിരീടമെന്ന ലക്ഷ്യവും ഇതോടെ അവസാനിച്ചു. മെയ്യ് 29ന് നടക്കുന്ന ചാംപ്യന്‍സ് ലീഗ് ഫൈനല്‍ ഇസ്താംബൂളിലാണ്.