ചാംപ്യന്‍സ് ലീഗ് സെമി; സ്റ്റാംഫോഡ് ബ്രിഡ്ജില്‍ റയലോ-ചെല്‍സിയോ
ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് ഇന്ന് ടീമില്‍ തിരിച്ചെത്തുന്നതും റയലിന് പ്രതീക്ഷ നല്‍കുന്നു.
സ്റ്റാംഫോഡ് ബ്രിഡ്ജ്: ചാംപ്യന്‍സ് ലീഗ് ഫൈനലിലെ മാഞ്ച്‌സറ്റര്‍ സിറ്റിയുടെ എതിരാളികളെ ഇന്നറിയാം. ഇന്ന് നടക്കുന്ന രണ്ടാം സെമിയിലെ റയല്‍ മാഡ്രിഡ് -ചെല്‍സി മല്‍സരത്തിലെ വിജയികളാണ് ഇസ്താംബൂളിലെ ഫൈനലില്‍ കളിക്കുക. ആദ്യ പാദത്തില്‍ മല്‍സരം 1-1 സമനിലയില്‍ അവസാനിച്ചതിനാല്‍ ഇന്ന് ഇരുടീമിനും നിര്‍ണ്ണായകമാണ്. സ്പാനിഷ് ലീഗില്‍ റയല്‍ രണ്ടാം സ്ഥാനത്തും പ്രീമിയര്‍ ലീഗില്‍ ചെല്‍സി നാലാം സ്ഥാനത്തുമാണ്. ചെല്‍സി തകര്‍പ്പന്‍ ഫോമിലാണ്. റയല്‍ ലാ ലിഗയിലെ കഴിഞ്ഞ മല്‍സരത്തിലൂടെ വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു.
സ്പാനിഷ് കിരീടം ഉറപ്പില്ലാത്ത റയലിന് ചാംപ്യന്‍സ് ലീഗ് കിരീടമാണ് പ്രധാന ലക്ഷ്യമെന്ന് കോച്ച് സിദാന്‍ പറയുന്നു. ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് ഇന്ന് ടീമില്‍ തിരിച്ചെത്തുന്നതും റയലിന് പ്രതീക്ഷ നല്‍കുന്നു. റയലിനായി മിലിറ്റോ, മാര്‍സെലോ,ഫെര്‍ലാന്റ് മെന്‍ഡി എന്നിവര്‍ പ്രതിരോധത്തില്‍ തിളങ്ങുമ്പോള്‍ ടോണി ക്രൂസ്, ലൂക്കാ മൊഡ്രിക്ക്, കാസിമറോ,ഇസ്‌കോ, വാല്‍വര്‍ഡേ എന്നിവരെ മധ്യനിരയില്‍ ഇറക്കും.ഹസാര്‍ഡ്, കരീം ബെന്‍സിമ, വിനീഷ്യസ് ജൂനിയര്‍ എന്നിവരാണ് മുന്നേറ്റ നിരയില്‍ ഉണ്ടാവുക.
മെന്‍ഡി,സില്‍വ, റുഡിഗര്‍,കാന്റെ, ജോര്‍ജ്ജിനോ, ചില്‍വെല്‍, മൗണ്ട്, പുലിസിക്ക്, ഹാവര്‍ട്‌സ് എന്നിവരെയാണ് കോച്ച് തോമസ് ടുഷേല്‍ ഇന്ന് ചെല്‍സിക്കായി ഇറക്കുന്നത്. 13 തവണ ചാംപ്യന്‍സ് ലീഗ് കിരീടം നേടിയ റയലിന് തന്നെയാണ് മല്‍സരത്തില്‍ മുന്‍തൂക്കം.ഇന്ന് അര്‍ദ്ധ രാത്രി 12.30നാണ് മല്‍സരം.