ടുഷേലിന്റെ ചാംപ്യന്‍സ് ലീഗ് കിരീടം; പിഎസ്ജി ഖേദിക്കുന്നു
കഴിഞ്ഞ മൂന്ന് തവണയും ജര്‍മ്മന്‍ പരിശീലകരുടെ കീഴിലാണ് മൂന്ന് ടീമുകളും ചാംപ്യന്‍സ് ലീഗ് കിരീടം നേടിയത്.
പാരിസ്: പോര്‍ച്ചുഗലിലെ പോര്‍ട്ടോയില്‍ ചെല്‍സി ചരിത്രത്തിലെ രണ്ടാം ചാംപ്യന്‍സ് ലീഗ് കിരീടം നേടിയപ്പോള്‍ വേദനിച്ചത് എതിരാളികളായ മാഞ്ചസ്റ്റര്‍ സിറ്റി മാത്രമല്ല. ചെല്‍സി കോച്ച് തോമസ് ടുഷേലിന്റെ മുന്‍ ക്ലബ്ബ് പിഎസ്ജി കൂടിയാണ്. ഇക്കഴിഞ്ഞ ഡിസംബറിലാണ് അപ്രതീക്ഷിതമായി തോമസ് ടുഷേലിനെ പിഎസ്ജി മാനേജ്‌മെന്റ് പുറത്താക്കിയത്. ചാംപ്യന്‍സ് ലീഗ് സെമിഫൈനലില്‍ തന്റെ മുന്‍ ക്ലബ്ബ് പുറത്തായപ്പോള്‍ ടുഷേല്‍ പുതിയ ക്ലബ്ബിന് ആ കിരീടം നല്‍കിയാണ് ഞെട്ടിച്ചത്. പിഎസ്ജിയെ അവരുടെ ചരിത്രത്തിലെ ആദ്യ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ കഴിഞ്ഞ തവണ എത്തിച്ച കോച്ചാണ് ജര്‍മ്മന്‍കാരനായ ടുഷേല്‍. അന്ന് ബയേണിനോട് തോറ്റ് അവര്‍ പുറത്തായിരുന്നു.
ടുഷേല്‍ 2018ലായിരുന്നു പിഎസ്ജിയിലെത്തിയത്. തുടര്‍ന്ന് രണ്ട് വര്‍ഷം ലീഗ് കിരീടവും മറ്റ് നിരവധി ആഭ്യന്തര ലീഗ് കിരീടങ്ങളും പിഎസ്ജിക്ക് നേടികൊടുത്തു. ടുഷേലിനെ പുറത്താക്കുമ്പോള്‍ അവര്‍ ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ എത്തിയിരുന്നു. ഫ്രഞ്ച് ലീഗില്‍ സ്ട്രാസ്ബര്‍ഗിനെതിരേ വമ്പന്‍ ജയം നേടിയതിനെ പിന്നാലെയായിരുന്നു ടുഷേലിന്റെ പുറത്താവല്‍. ക്ലബ്ബിലെ എല്ലാ താരങ്ങളും ഇതില്‍ ഞെട്ടല്‍ ഉളവാക്കിയിരുന്നു. തന്റെ ക്ലബ്ബിന് ചാംപ്യന്‍സ് ലീഗ് കിരീടം നേടികൊടുക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നതിനിടെയായിരുന്നു ടുഷേലിനെ പിഎസ്ജി പുറത്താക്കുന്നത്. പിഎസ്ജിക്കും ലക്ഷ്യം ചാംപ്യന്‍സ് ലീഗ് കിരീടമായിരുന്നു. അതിന് അവര്‍ കൊണ്ടുവന്നത് മുന്‍ ടോട്ടന്‍ഹാം കോച്ച് പോച്ചീടീനോയെ ആയിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി ആധിപത്യം നേടിയിരുന്ന ലീഗ് കിരീടവും ഇത്തവണ ആദ്യമായി പിഎസ്ജിക്ക് നഷ്ടമായി. കൂടാതെ ചാംപ്യന്‍സ് ലീഗിലെ സെമിയില്‍ നിന്നുള്ള പുറത്താവലും.
ഫ്രാങ്ക് ലംമ്പാര്‍ഡിന് കീഴില്‍ യൂറോപ്പാ ലീഗ് യോഗ്യത വരെ ലഭിക്കില്ലെന്ന അവസ്ഥയിലായിരുന്ന അപ്പോള്‍ ചെല്‍സി. ലംമ്പാര്‍ഡിനെ പുറത്താക്കി ചെല്‍സി ബോര്‍ഡ് നേരെ വന്നത് ടുഷേലിന്റെ അരികില്‍. തന്നെ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ച ചെല്‍സിയുടെ പ്രതീക്ഷകളെ ടുഷേല്‍ വാനോളം ഉയര്‍ത്തി. എഫ് എ കപ്പ് ഫൈനലില്‍ ടീമിനെ എത്തിച്ചു. പ്രീമിയര്‍ ലീഗില്‍ ടോപ് ഫോറിലെത്തിച്ച് അടുത്ത വര്‍ഷത്തെ ചാംപ്യന്‍സ് ലീഗ് യോഗ്യതയും. മറ്റ് നിരവധി അട്ടിമറി വിജയകള്‍. മികച്ച താരനിരയെ വാര്‍ത്തെടുത്തു. അവസാനം പ്രീമിയര്‍ ലീഗ് ജേതാക്കളും കോച്ചുമാരില്‍ അഗ്രഗണ്യനുമായ പെപ്പ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തി ചാംപ്യന്‍സ് ലീഗ് കിരീടവും.
കഴിഞ്ഞ മൂന്ന് തവണയും ജര്‍മ്മന്‍ പരിശീലകരുടെ കീഴിലാണ് മൂന്ന് ടീമുകളും ചാംപ്യന്‍സ് ലീഗ് കിരീടം നേടിയത്. യുര്‍ഗാന്‍ ക്ലോപ്പിന് കീഴില്‍ ലിവര്‍പൂള്‍, ഹാന്‍സി ഫ്‌ളിക്കിന് കീഴില്‍ ബയേണ്‍. അവസാനമായി ടുഷേലിന് കീഴില്‍ ചെല്‍സി. ടുഷേല്‍ പിഎസ്ജിക്ക് മുമ്പ് ബോറൂസിയാ ഡോര്‍ട്ട്മുണ്ടിനെയും മെയിന്‍സിനെയും എഫ് സി ഓഗ്‌സ്ബര്‍ഗിനെയും പരിശീലിപ്പിച്ചിരുന്നു.