ഇംഗ്ലണ്ടില്‍ ഇനി തോമസ് ടുഷേല്‍ യുഗം; ത്രീ ലയണസിന് ഇനി ജര്‍മ്മന്‍ തന്ത്രം
ലണ്ടന്‍: ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിന് ഇനി ജര്‍മ്മന്‍ തന്ത്രങ്ങള്‍. ഇംഗ്ലണ്ട് ടീമിനെ ജര്‍മ്മന്‍ സൂപ്പര്‍ കോച്ചായ തോമസ് ടുഷേല്‍ പരിശീലിപ്പിക്കും. ജനുവരി ഒന്നു മുതല്‍ 18 മാസത്തേയ്ക്കാണ് ടുഷേലിന്റെ നിയമനം. 2026 ലോകകപ്പ് ലക്ഷ്യം വച്ചാണ് ഇംഗ്ലണ്ട് ടുഷേലിനെ കോച്ചായി നിയമിച്ചത്. കോച്ച് സൗത്ത്‌ഗേറ്റ് ഇക്കഴിഞ്ഞ ജൂലായില്‍ സ്ഥാനം ഒഴിഞ്ഞിരുന്നു. യൂറോ കപ്പിലെ തോല്‍വിയെ തുടര്‍ന്നായിരുന്നു രാജി. നിലവില്‍ ഇംഗ്ലണ്ട് ടീമിനെ പരിശീലിപ്പിക്കുന്നത് താല്‍ക്കാലിക മാനേജറായ ലീ കാര്‍സ്ലേയാണ്. 1966ന് ശേഷം ഒരു അന്താരാഷ്ട്ര കിരീടം നേടാന്‍ ഇംഗ്ലണ്ട് ടീമിന് ആയിരുന്നില്ല. സൗത്ത്‌ഗേറ്റിന് കീഴില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നെങ്കിലും കിരീടം ലഭിക്കാത്തത് ത്രീലയണ്‍സിന് തിരിച്ചടിയായിരുന്നു.
മുന്‍ പിഎസ്ജി-ചെല്‍സി കോച്ചായ ടുഷേല്‍ അവസാനമായി പരിശീലിപ്പിച്ചത് ബയേണ്‍ മ്യൂണിക്കിനെയാണ്. കഴിഞ്ഞ സീസണിലാണ് ടുഷേല്‍ ജര്‍മ്മന്‍ ക്ലബ്ബ് വിട്ടത്. ഇംഗ്ലണ്ട് ദേശീയ ടീമിനെ പരിശീലിപ്പിക്കുന്ന വലിയ ബഹുമതിയായി കാണുന്നുവെന്ന് ടുഷേല്‍ വ്യക്തമാക്കി. ബോറൂസിയാ ഡോര്‍ട്ട്മുണ്ടിനൊപ്പം ജര്‍മ്മന്‍ കപ്പ്, പിഎസ്ജിക്കൊപ്പം രണ്ട് ലീഗ് വണ്‍ കിരീടം, ചെല്‍സിക്കൊപ്പം ചാംപ്യന്‍സ് ലീഗ്, ക്ലബ്ബ് ലോകകപ്പ്,യുവേഫാ സൂപ്പര്‍ കപ്പ് എന്നിവയും ടുഷേല്‍ നേടിയിട്ടുണ്ട്.