റീബിള്‍ഡ് കേരള ഇനിഷ്യേറ്റീവ്: കേരള ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ രണ്ടാം ഘട്ടത്തിന് 250 ദശലക്ഷം യുഎസ് ഡോളര്‍ സഹായം
തിരുവനന്തപുരം: റീബിള്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായ റെസിലിയന്റ് കേരള ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ രണ്ടാം ഘട്ടത്തിന് ലോക ബാങ്കിന്റെയും ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിന്റെയും കണ്‍സഷണല്‍ ഫണ്ടിങ്ങായി 250 ദശലക്ഷം യുഎസ് ഡോളര്‍ ലഭ്യമാകാന്‍ ധാരണയായി. കാലാവസ്ഥാ വ്യതിയാനത്തെയും പ്രകൃതി ദുരന്തങ്ങളെയും പകര്‍ച്ച വ്യാധികളെയും മഹാമാരികളെയും ചെറുക്കാനുള്ള കേരളത്തിന്റെ ശേഷി വര്‍ദ്ധിപ്പിക്കാനുദ്ദേശിച്ചുള്ള പദ്ധതികളാണ് അതിന്റെ ഭാഗമായി നടപ്പാക്കുക.
റെസിലിയന്റ് കേരള ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഒന്നാം ഘട്ടത്തിന് 2019 ഓഗസ്റ്റില്‍ വേള്‍ഡ് ബാങ്ക് 250 ദശലക്ഷം യുഎസ് ഡോളറിന്റെ സഹായം ലഭ്യമാക്കിയിരുന്നു. അതിനുശേഷം ജെര്‍മന്‍ ഡെവലപ്‌മെന്റ് ബാങ്ക് 100 ദശലക്ഷം യൂറോയും ലഭ്യമാക്കിയിരുന്നു.
ബില്‍ഡ് ബാക്ക് ബെറ്റര്‍ എന്ന തത്വത്തെ അടിസ്ഥാനപ്പെടുത്തി പൊതു സ്വകാര്യ ആസ്തികള്‍ മെച്ചപ്പെടുത്താനും അങ്ങനെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുമാണ് റീബിള്‍ഡ് കേരള ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ രണ്ടാം ഘട്ടത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഡിപാര്‍ട്‌മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്‌സ് അതുമായി ബന്ധപ്പെട്ട് കേരളം സമര്‍പ്പിച്ച പ്രാഥമിക പ്രോജെക്ട് പ്രൊപോസല്‍ അംഗീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ആസ്തി മെച്ചപ്പെടുത്തി അപകടങ്ങളെ അതിജീവിക്കാനും പ്രളയങ്ങളെ ചെറുക്കാനും ഹരിത കേരളത്തെ പുനര്‍നിര്‍മ്മിക്കാനും ഈ പദ്ധതി ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ലോക ബാങ്കുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അടുത്ത ആഴ്ച നടക്കും. ചര്‍ച്ചകള്‍ വിജയകരമായി പൂര്‍ത്തിയാകുന്നതോടെ കേന്ദ്ര സര്‍ക്കാര്‍ ഈ ഏജന്‍സികളുമായി ബാധ്യതാ പത്രത്തില്‍ ഒപ്പു വെക്കും. മാര്‍ച്ച് മാസത്തില്‍ 210 ദശലക്ഷം യുഎസ് ഡോളറിന്റെ ഖരമാലിന്യ സംസ്‌കരണ പദ്ധതിക്കുള്ള സഹായം ലോക ബാങ്ക് അംഗീകരിച്ചിരുന്നു.