കാട്ടുപന്നിയെ വെടിവയ്ക്കാന്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് അധികാരം; ശുപാര്‍ശ അടുത്ത മന്ത്രിസഭാ യോഗത്തില്‍
കണ്ണൂര്‍: കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അധികാരം പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് നല്‍കാന്‍ നീക്കം. നിലവില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡിനുള്ള അധികാരമാണ് പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. പഞ്ചായത്തീരാജ് നിയമത്തിലെ വകുപ്പുകള്‍ പ്രകാരമായിരിക്കും പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് ഇതിനുള്ള അധികാരം നല്‍കുക. ഇതുസംബന്ധിച്ച ശുപാര്‍ശ അടുത്ത മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിക്കുന്ന ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കിയ ശേഷം നിയമസഭ പാസാക്കുന്നതോടെ നിയമം നിലവില്‍ വന്നേക്കും.
കേരളത്തിലെ കൃഷിയിടങ്ങളില്‍ കാട്ടുപന്നിയുടെ ശല്യം കാരണം ബുദ്ധിമുട്ടുന്ന കര്‍ഷകര്‍ക്ക് ആശ്വാസമാണ് വനം മന്ത്രിയുടെ പ്രഖ്യാപനം. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ താമരശ്ശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിലിനെ കണ്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. എന്നാല്‍, ഇതുസംബന്ധിച്ച് നിലവില്‍ പ്രായോഗിക ബുദ്ധിമുട്ടുകളും നിലനില്‍ക്കുന്നുണ്ട്. വനം വന്യജീവി നിയമപ്രകാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാര്‍ക്കാണ് കാട്ടുപന്നികളെ വെടിവയ്ക്കാന്‍ അധികാരം നല്‍കിയിട്ടുള്ളത്.
ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാര്‍ക്കുള്ള ചുമതല പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും നല്‍കുന്നതിന്റെ നിയമവശവും പ്രധാനമാണ്. കേന്ദ്ര സര്‍ക്കാര്‍ വനംവന്യജീവി വകുപ്പ് നിയമം ഭേദഗതി ചെയ്യാനിരിക്കുന്ന സാഹചര്യത്തില്‍ അതിനുള്ള പ്രൊപ്പോസല്‍ നല്‍കണമെന്ന കാര്യം സംസ്ഥാന സര്‍ക്കാരും ആലോചിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നീക്കം.
പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അധികാരം കൈമാറുന്ന ഭേദഗതിയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എക്‌സിക്യൂട്ടീവ് അധികാരം നല്‍കിക്കൊണ്ട് പ്രശ്‌നത്തിന് പരിഹാരം കാണാനാണ് സര്‍ക്കാര്‍ നിര്‍ദേശം തയ്യാറാക്കിയിട്ടുള്ളത്. നിര്‍ദ്ദേശത്തെ താമരശ്ശേരി ബിഷപ്പും സ്വാഗതം ചെയ്തിട്ടുണ്ട്. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ശുപാര്‍ശ അവതരിപ്പിക്കും. കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളില്‍ ബിഷപ്പ് സംതൃപ്തി പ്രകടിപ്പിച്ചുവെന്ന് മന്ത്രി അറിയിച്ചു.