സംഘടനാകാര്യങ്ങളില്‍ ശ്രദ്ധയില്ല; മുന്‍ എംപി എ സമ്പത്തിനെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി
മുന്‍ മേയറും എംഎല്‍എയുമായ വികെ പ്രശാന്തിനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയില്ല
തിരുവനന്തപുരം: മുന്‍ എം.പി അഡ്വ. എ സമ്പത്തിനെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. സംഘടനകാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധപതിപ്പിക്കാത്തതിനാലാണ് മൂന്ന് തവണ എംപിയായ എ സമ്പത്തിനെ ജില്ലാ കമ്മിറ്റിയില്‍ ഒഴിവാക്കിയത്. ഇപ്പോള്‍ മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി കൂടിയാണ് എ സമ്പത്ത്. നേരത്തെ എംപിയായിരിക്കുമ്പോഴും സമ്പത്തിനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയും മുന്‍ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റുമായ എം ഷിജുഖാനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ശിശു ക്ഷേമ സമിതി മുന്‍ ജനറല്‍ സെക്ട്രട്ടറിയായിരിക്കെ നേരത്തെ പാര്‍ട്ടി തരം താഴ്ത്തിയ എസ്പി ദീപക് ജില്ലാ കമ്മിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ പി പ്രമോഷ്, എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വിനീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, എസ്‌കെ പ്രീജ, വി അമ്പിളി, ഡികെ ശശി, ആര്‍ ജയദേവന്‍, എന്നിവരെയാണ് പുതുതായി ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. അതേസമയം, മുന്‍ മേയറും എംഎല്‍എയുമായ വികെ പ്രശാന്തിനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയില്ല.
എ സമ്പത്തിന് പുറമെ ഡബ്ല്യുആര്‍ ഹീബ, സംസ്ഥാന കമ്മിറ്റിയംഗമായ വി ശിവന്‍കുട്ടി, ചെറ്റച്ചല്‍ സഹദേവന്‍, ജി രാജന്‍, പുല്ലുവിള സ്റ്റാന്‍ലി, തിരുവല്ലം ശിവരാജന്‍, പട്ടം വാമദേവന്‍ നായര്‍, പിരപ്പന്‍കോട് മുരളി എന്നിവരെയും ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. ജില്ലാ സെക്രട്ടറിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്ത ശേഷം വൈകീട്ടോടെ സമ്മേളനം സമാപിക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുസമ്മേളനം വെര്‍ച്വലാക്കി. വൈകീട്ട് നാലിന് കാട്ടക്കട ശശി നഗറില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.