ശ്രീലങ്കയില്‍ ആക്റ്റിങ് പ്രസിഡന്റായി സ്വയം അവരോധിച്ച് റെനില്‍ വിക്രമസിംഗെ

നേരത്തെ ജനങ്ങള്‍ക്ക് മുന്നില്‍ രാജി വയ്ക്കുമെന്ന് പ്രഖ്യാപിച്ച വിക്രമസിംഗെയുടെ രാജിക്കായി ഓഫിസും ഔദ്യോഗികവസതിയും വളഞ്ഞ് സമരം കടുപ്പിക്കുകയാണ് പ്രക്ഷോഭകര്‍

Update: 2022-07-13 09:39 GMT

കൊളംബോ:രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്ന ശ്രീലങ്കയില്‍ രാജിവയ്ക്കാതെ പ്രസിഡന്റ് ഗോതബയ രാജ്പക്‌സെ രാജ്യം വിട്ട സാഹചര്യത്തില്‍ ആക്റ്റിങ് പ്രസിഡന്റായി ചുമതലയേറ്റ് റെനില്‍ വിക്രമസിംഗെ.അതേസമയം, റെനില്‍ വിക്രമസിംഗെയുടെ രാജിയാവശ്യമുന്നയിച്ചുള്ള പ്രക്ഷോഭവും കടുക്കുകയാണ്.

നേരത്തെ ജനങ്ങള്‍ക്ക് മുന്നില്‍ രാജി വയ്ക്കുമെന്ന് പ്രഖ്യാപിച്ച വിക്രമസിംഗെയുടെ രാജിക്കായി ഓഫിസും ഔദ്യോഗികവസതിയും വളഞ്ഞ് സമരം കടുപ്പിക്കുകയാണ് പ്രക്ഷോഭകര്‍.കൊളംബോയില്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കടക്കാന്‍ ശ്രമിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സുരക്ഷ സൈന്യം കണ്ണീര്‍ വാതകം പ്രയോഗിച്ചതായും റിപോര്‍ട്ടുകളുണ്ട്. ജീവിതം ദുസഹമാക്കിയ ഭരണകൂടത്തിന്റെ അടിയന്തരാവസ്ഥയെന്ന പുതിയ അടവില്‍ കുടുങ്ങില്ലെന്നാണ് പ്രക്ഷോഭകരുടെ പ്രഖ്യാപനം.പ്രധാനമന്ത്രി ഉടന്‍ സ്ഥാനമൊഴിയണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. രാജ്യം വിട്ടെങ്കിലും ഗോതബയ എത്രയും പെട്ടെന്ന് രാജിവെക്കണമെന്നാണ് പ്രതിഷേധകരുടെ ആവശ്യം. പ്രക്ഷോഭകരെ ചെറുക്കാന്‍ രാജ്യം മുഴുവന്‍ അനിശ്ചിതകാലത്തേക്ക് അടിയന്തരാവസ്ഥയും സ്വന്തം വസതിക്ക് ചുറ്റും കര്‍ഫ്യൂവും പ്രഖ്യാപിച്ചുകൊണ്ടാണ് റെനില്‍ വിക്രമസിംഗെ ആക്റ്റിങ് പ്രസിഡന്റായി സ്വയം അവരോധിച്ചത്.

ജൂലൈ 13ന് രാജിവയ്ക്കുമെന്ന പ്രഖ്യാപനം പാലിക്കാതെയാണ് ഗോതബയ രാജ്പക്‌സെ രാജ്യം വിട്ടിരിക്കുന്നത്.ഭാര്യക്കും രണ്ട് അംഗരക്ഷകര്‍ക്കുമൊപ്പം ശ്രീലങ്കന്‍ വ്യോമസേനാ വിമാനത്തില്‍ രാജ്യം വിട്ട ഗോതബയ രാജ്പക്‌സെ മാലദ്വീപില്‍ തുടരുകയാണ്.ഗോതബയയുടെ സഹോദരനും മുന്‍ ധനമന്ത്രിയുമായ ബേസില്‍ രാജ്പക്‌സെയും ശ്രീലങ്ക വിട്ട് അമേരിക്കയിലേക്ക് കടന്നതായാണ് സൂചന.ജൂലൈ 20 ന് പാര്‍ലമെന്റ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുമെന്നും റിപോര്‍ട്ടുണ്ട്.


Tags:    

Similar News