ആനക്കര: പ്രശസ്ത ആയുര്‍വേദ ഡോക്ടര്‍ ഹുറൈര്‍ കുട്ടി (67) കൂടല്ലൂര്‍ നിര്യാതനായി. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. വൈദ്യര്‍ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന മാതാവ് തിത്തീമു ഉമ്മയില്‍ നിന്നാണ് ഡോ.ഹുറൈര്‍ കുട്ടി ചികില്‍സയുടെ ബാലപാഠങ്ങള്‍ പഠിച്ചത്. ഹുറൈര്‍ കുട്ടി മാതാവിനെ നാട്ടുകാര്‍ വൈദ്യരുമ്മ എന്നാണ് വിളിച്ചിരുന്നത്. അറിവിന്റെ സര്‍വകലാശാലയായ തിത്തീമു ഏത് സംശയങ്ങള്‍ക്കും മറുപടി കൊടുക്കുമായിരുന്നുവെന്ന് ഡോക്ടര്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. പത്ത് വയസ്സുള്ളപ്പോള്‍ മാതാവിന്റെ അടുത്തുവരുന്ന രോഗികള്‍ക്ക് മരുന്ന് കുറിപ്പുകള്‍ എഴുതിക്കൊടുത്തിരുന്നതും ഹുറൈര്‍ കുട്ടിയായിരുന്നു. മാതാവ് ജീവിച്ചിരുന്ന കാലത്ത് ചികില്‍സയുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ പ്രയാസമുള്ള ഘട്ടങ്ങളില്‍ ഇരുവരും ചര്‍ച്ചചെയ്താണ് പരിഹരിച്ചിരുന്നത്. അപ്പോഴൊക്കെ മാതാവിന്റെ സ്വന്തം മരുന്ന് കൂട്ടുകള്‍ രോഗികള്‍ക്ക് തെല്ലൊന്നുമല്ല ആശ്വാസമാവുന്നത്.
മാതാവിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ആയുര്‍വേദ ഡോക്ടറാവാന്‍ അദ്ദേഹം തീരുമാനിച്ചത്. 1983 ലാണ് ഡോക്ടര്‍ സര്‍ക്കാര്‍ സര്‍വീസില്‍ മെഡിക്കല്‍ ഓഫിസറായി പ്രവേശിച്ചത്. നീണ്ടകാലത്തെ സേവനങ്ങള്‍ക്കൊടുവില്‍ 2010ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ മാതാവിന്റെ പേരില്‍ തിത്തീമു ഉമ്മ മെമ്മോറിയല്‍ ആയുര്‍വേദ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ കൂടല്ലുരില്‍ ആരംഭിച്ചു. പഴയ തറവാടുവീടിനോട് രൂപസാദൃശ്യമുള്ള ആശുപത്രി. ഇവിടെ ചികില്‍സയ്‌ക്കെത്തുന്ന രോഗികള്‍ക്ക് അഡ്മിറ്റ് ആവശ്യമെങ്കില്‍ അദ്ദേഹം നിര്‍ദേശിക്കും. സ്വന്തം മരുന്നുകൂട്ടുകളും പഥ്യവുമൊക്കെ നല്‍കിയുള്ള ചികില്‍സയിലൂടെ രോഗം പൂര്‍ണമായും മാറ്റിയിട്ടേ ഡോക്ടര്‍ക്ക് വിശ്രമമുള്ളൂ. സ്വദേശികളും വിദേശികളും ചികില്‍സയ്ക്കായി ഇവിടെ എത്താറുണ്ട്.
കൂടല്ലൂര്‍ എജെബി സ്‌കൂള്‍, മലമക്കാവ് യുപി സ്‌കൂള്‍, തൃത്താല ഹൈസ്‌കൂള്‍, കോട്ടക്കല്‍ ആയുര്‍വേദ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യഭ്യാസം. മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ വിവിധ ആശുപത്രികളില്‍ അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: മൈമൂന മക്കള്‍ ഡോ. ഷിയാസ്, ഡോ. നിയാസ്, നിഷിത. മരുമകന്‍: ഫിറോസ്. ഖബറടക്കം ഇന്ന് രാത്രി 8.30ന് കൂടല്ലൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.