പ്രശസ്ത ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്ര പണ്ഡിതന്‍ ഡോ.നജാത്തുല്ല സിദ്ദീഖി അന്തരിച്ചു
ന്യൂഡല്‍ഹി: ലോകപ്രശസ്ത ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്ര പണ്ഡിതനും ഇസ്‌ലാമിക് സ്റ്റഡീസിനുള്ള കിങ് ഫൈസല്‍ ഇന്റര്‍നാഷനല്‍ പ്രൈസ് ജേതാവുമായ ഡോ.നജാത്തുല്ല സിദ്ദീഖി അമേരിക്കയില്‍ അന്തരിച്ചു. 91 വയസ്സായിരുന്നു. ഇസ്‌ലാമിക് ഫിനാന്‍സിന്റെ തുടക്കക്കാരിലൊരാളായ സിദ്ദിഖി, ദീര്‍ഘകാലം ജമാഅത്തെ ഇസ്‌ലാമിയുടെ കേന്ദ്രശൂറയിലും പ്രതിനിധിസഭയിലും പ്രവര്‍ത്തിച്ചു. ഇസ്‌ലാമിക ധനശാസ്ത്രത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 1982ല്‍ അന്താരാഷ്ട്ര ഫൈസല്‍ അവാര്‍ഡും 2002ല്‍ ശാഹ് വലിയുല്ലാഹ് അവാര്‍ഡും ലഭിച്ചു. ഇംഗ്ലീഷിലും ഉര്‍ദുവിലുമായി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
1931ല്‍ യുപിയിലെ ഗോരഖ്പൂരിലായിരുന്നു ജനനം. അലിഗഢ് മുസ്‌ലിം സര്‍വകലാശാലയിലും രാംപൂരിലും അസംഗഢിലുമായി വിദ്യാഭ്യാസം നേടി. അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍ ഇക്കണോമിക്‌സ് അസോസിയേറ്റ് പ്രഫസറായും ഇസ്‌ലാമിക് സ്റ്റഡീസ് പ്രഫസറായും സൗദി അറേബ്യയിലെ ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഇസ്‌ലാമിക് ഇക്കണോമിക്‌സില്‍ ഇക്കണോമിക്‌സ് പ്രഫസറായും സേവനമനുഷ്ഠിച്ചു. പിന്നീട് ലോസ് ഏഞ്ചല്‍സിലെ കാലഫോര്‍ണിയ യൂനിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ നിയര്‍ ഈസ്‌റ്റേണ്‍ സ്റ്റഡീസില്‍ ഫെല്ലോ ആയി. അതിനുശേഷം ജിദ്ദയിലെ ഇസ്ലാമിക് ഡെവലപ്‌മെന്റ് ബാങ്കിലെ ഇസ്‌ലാമിക് റിസര്‍ച്ച് & ട്രെയ്‌നിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ വിസിറ്റിങ് സ്‌കോളറായി. ഉറുദുവിലും ഇംഗ്ലീഷിലും അദ്ദേഹം മികച്ച എഴുത്തുകാരനാണ്.
5 ഭാഷകളിലായി 177 പ്രസിദ്ധീകരണങ്ങളിലായി 63 കൃതികളും 1,301 ലൈബ്രറി ഹോള്‍ഡിങ്ങുകളും സിദ്ദിഖിക്കുണ്ട്. അദ്ദേഹത്തിന്റെ നിരവധി കൃതികള്‍ അറബി, പേര്‍ഷ്യന്‍, ടര്‍ക്കിഷ്, ഇന്തോനേസ്യന്‍, മലേസ്യന്‍, തായ്, തുടങ്ങിയ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1973 നും 2000 നും ഇടയില്‍ 3 ഭാഷകളിലായി 27 പതിപ്പുകളില്‍ പ്രസിദ്ധീകരിച്ചതും ലോകമെമ്പാടുമുള്ള 220 ലൈബ്രറികള്‍ കൈവശം വച്ചിരിക്കുന്നതുമായ പലിശരഹിത ബാങ്കിങ് (Banking without interest) എന്ന പുസ്തകമാണ് അദ്ദേഹത്തിന്റെ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട പുസ്തകം.
ഗൈറു ഡൂ ദി ബങ്ക്കാരി, ഇസ്‌ലാം കാ ഹഷ്‌രിയ്യ മുല്‍കിയ്യത്ത്, തഹ്‌രീകെ ഇസ്‌ലാമി അസ്‌റെ ഹാബിര്‍ മേ എന്നിവയാണ് അദ്ദേഹത്തിന്റെ ഉര്‍ദുവിലെ പ്രധാന കൃതികള്‍. മുസ്‌ലിം എകണോമിക് തിങ്കിങ്ങാണ് ഇംഗ്ലീഷ് കൃതികളില്‍ ഏറ്റവും പ്രശസ്തമായത്. തന്റെ നീണ്ട അക്കാദമിക് ജീവിതത്തില്‍, അദ്ദേഹം നിരവധി പിഎച്ച്ഡികളുടെ മേല്‍നോട്ടം വഹിച്ചിട്ടുണ്ട്. ഇന്ത്യ, സൗദി അറേബ്യ, നൈജീരിയ എന്നിവിടങ്ങളിലെ വിവിധ സര്‍വകലാശാലകളിലായിരുന്നു അവയൊക്കെയും. എഡിറ്റര്‍, ഉപദേഷ്ടാവ് എന്നീ നിലകളില്‍ നിരവധി അക്കാദമിക് ജേണലുകളുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു.
പല കമ്മിറ്റികളില്‍ സേവനമനുഷ്ഠിച്ചും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ധാരാളം കോണ്‍ഫറന്‍സുകളില്‍ പങ്കെടുത്തും അദ്ദേഹം പ്രശസ്തനായിരുന്നു. താഴെതട്ടിലുള്ളവരെ പരിഗണിച്ചും സഹായിച്ചും അവരോടൊപ്പം ചേര്‍ന്നുനില്‍ക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. തന്റെ വിലപ്പെട്ട അറിവുകള്‍ സമൂഹത്തില്‍ പങ്കുവയ്ക്കുന്നതില്‍ പിശുക്ക് കാണിച്ചിരുന്നില്ല. നിലവില്‍ അദ്ദേഹം ഇന്ത്യയിലെ അലിഗഢിലാണ് താമസിക്കുന്നത്. അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയിലെ മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗത്തില്‍ പ്രഫസറായിരുന്നു.