ദന്തരോഗ വിദഗ്ധര്‍ക്കിടയിലെ കൊവിഡ് രോഗബാധ ഒരു ശതമാനത്തില്‍ താഴെയെന്ന് റിപോര്‍ട്ട്
ചിക്കാഗോ: ലോകത്ത് കൊവിഡ് രോഗത്തിന് ഏറ്റവും സാധ്യതയുള്ള വിഭാഗമായി കരുതപ്പെടുന്ന ദന്തരോഗവിദഗ്ധര്‍ക്കിടയില്‍ കൊവിഡ് രോഗബാധ ഏറ്റവും കുറവെന്ന് റിപോര്‍ട്ട്. അമേരിക്കയില്‍ നടത്തിയ പഠനമാണ് രസകരമായ റിപോര്‍ട്ട് പുറത്തുകൊണ്ടുവന്നത്. ദന്തഡോക്ടര്‍മാരില്‍ ഒരു ശതമാനത്തില്‍ താഴെ പേര്‍ക്ക് മാത്രമാണ് രോഗബാധയുണ്ടായതെന്നാണ് പഠനം പറയുന്നത്. മറ്റ് ഏത് വിഭാഗത്തേക്കാള്‍ കുറവാണ് ഇത്.
99 ശതമാനം ദന്തഡോക്ടര്‍മാരും ചികില്‍സാസമയത്ത് രോഗബാധ തടയുന്നതിനാവശ്യമായ അധിക സംരക്ഷണ സംവിധാനങ്ങള്‍ ഉപയോഗിച്ചിരുന്നുവെന്നാണ് ഇതിനു കാരണമായി ഗവേഷകര്‍ കരുതുന്നത്. ദി ജേര്‍ണല്‍ ഓഫ് അമേരിക്കന്‍ ഡന്റല്‍ അസോസിയേഷനിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
ദന്തഡോക്ടര്‍മാര്‍ക്ക് വളരെ ആശ്വാസകരമായ വാര്‍ത്തയാണ് ഇതെന്ന് അമേരിക്കന്‍ ഡന്റല്‍ അസോസിയേഷന്‍ സയന്‍സ് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ മാര്‍സലൊ അറൗജ അഭിപ്രായപ്പെട്ടു. ദന്തഡോക്ടര്‍മാര്‍ കൊവിഡ് നിയന്ത്രണത്തില്‍ വിജയിച്ചിട്ടുണ്ടെന്നും രോഗികളെ കൃത്യതയോടെ പരിചരിക്കുന്നുണ്ടെന്നും ഈ പഠനം തെളിയിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
അമേരിക്കന്‍ ഡന്റല്‍ അസോസിയേഷന്‍ സയന്‍സ് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കീഴിയുള്ള ചിക്കാഗോയിലെ ഗവേഷകരാണ് പഠനം നടത്തിയത്. അവര്‍ ഏകദേശം 2200 ദന്തഡോക്ടര്‍മാരെ പഠന വിധേയമാക്കി. രോഗലക്ഷണങ്ങളില്ലാത്തവരും കൊവിഡ് പരിശോധന നടത്താത്തവരയെും മറ്റും വേര്‍തിരിച്ചുതന്നെയാണ് കണക്കുകൂട്ടലുകള്‍ നടത്തിയത്. 0.9 ശതമാനം പേര്‍ക്കു മാത്രമാണ് കൊവിഡ് ബാധിച്ചതെന്നാണ് പഠനത്തിലൂടെ ലഭിച്ച വിവരം.
കൊവിഡ് രോഗബാധ പടര്‍ന്നുപിടിച്ച സമയത്ത് ഏറ്റവും കൂടുതല്‍ രോഗസാധ്യതയുള്ള വിഭാഗമായി ആഗോള തലത്തില്‍ തന്നെ കരുതിയിരുന്നത് ദന്തഡോക്ടര്‍മാരെയാണ്. എന്നാല്‍ വര്‍ധിച്ച കൊവിഡ് സുരക്ഷാ സംവിധാനങ്ങള്‍ സ്വീകരിച്ചും ഗൈഡ് ലൈന്‍ കൃത്യമായി നടപ്പാക്കിയും ദന്തവിദഗ്ധര്‍ ആ പ്രശ്‌നം മറികടന്നു. മാസ്‌കിനു പുറമെ ഗോഗിള്‍സ്, ഫെയ്‌സ് ഷീല്‍ഡുകള്‍ തുടങ്ങി നിരവധി സംവിധാനങ്ങള്‍ അമേരിക്കന്‍ ദന്തല്‍ അസോസിയേഷന്‍ ശുപാര്‍ശ ചെയ്തിരുന്നു.