വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കാന്‍ സത്വര നടപടി സ്വീകരിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി.

Update: 2020-05-13 19:33 GMT

ന്യൂഡല്‍ഹി: വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരായ ഗര്‍ഭിണികളെ നാട്ടിലെത്തിക്കുന്നതിന് സത്വര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി സുബ്രഹ്മണ്യ ജയശങ്കറിന് ഇമെയില്‍ നിവേദനം നല്‍കി.

വിവിധ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് എത്താന്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളളവരില്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ പ്രായോഗിക തലത്തില്‍ ഇത് നടപ്പാക്കുന്നില്ല. ആരോഗ്യപരമായ ഒട്ടറെ വിഷമതകള്‍ അനുഭവിക്കുന്ന ഗര്‍ഭിണികളായ സ്ത്രീകള്‍ വിദേശരാജ്യങ്ങളില്‍ ഒറ്റയ്ക്ക് കഴിയേണ്ടി വരുന്നതിലുളള ബുദ്ധിമുട്ട് സര്‍ക്കാര്‍ പരിഗണിക്കണം.

എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടും യാത്രയ്ക്കായി മുന്‍ഗണന ലഭിക്കുന്നില്ലെന്നുള്ള ഒട്ടനവധി പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ കൊവിഡ് സാമൂഹ്യവ്യാപനം മൂലം ഗര്‍ഭിണികള്‍ക്ക് ആശുപത്രികളില്‍ പോകാനോ അത്യാവശ്യ മെഡിക്കല്‍ സഹായം തേടാനോ കഴിയുന്നില്ല. ബന്ധുക്കളുടെ പരിചരണം ഏറ്റവും ആവശ്യമായ ഈ ഘട്ടത്തില്‍ വിദേശരാജ്യത്തില്‍ ഒറ്റയ്ക്ക് കഴിയുകയെന്നത് വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. ഗര്‍ഭിണികളുടെ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് മലയാളികള്‍ ഉള്‍പ്പെടെയുളള ഗര്‍ഭിണികളെ നാട്ടിലെത്തിക്കുവാന്‍ സത്വര നടപടി സ്വീകരിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. നിവേദനത്തില്‍ ആവശ്യപ്പെട്ടു. 

Tags:    

Similar News