കൊലക്കേസ് പ്രതിയെ ഒളിവില്‍ താമസിപ്പിച്ച സംഭവം:പോലിസിന്റേത് കെട്ടിച്ചമച്ച കഥയെന്ന്;നിയമ നടപടിക്കൊരുങ്ങി രേഷ്മ

Update: 2022-04-24 07:33 GMT

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസ് വധക്കേസിലെ പ്രതിയും ആര്‍എസ്എസ് നേതാവുമായ നിജില്‍ ദാസിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിന് അറസ്റ്റിലായ രേഷ്മ നിയമനടപടിക്ക് ഒരുങ്ങുന്നു.പോലിസ് പറയുന്നത് കെട്ടിച്ചമച്ച കഥകളാണെന്നും,അറസ്റ്റ് മനുഷ്യാവകാശ ലംഘനമാണെന്നും രേഷ്മയുടെ അഭിഭാഷകന്‍ ആരോപിച്ചു.

ജാമ്യം കിട്ടാവുന്ന കേസില്‍ റിമാന്‍ഡ് പാടില്ല. നിയമനടപടി സ്വീകരിക്കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.സമൂഹമാധ്യമങ്ങളിലൂടെ അപവാദം പ്രചരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് രേഷ്മയുടെ അഭിഭാഷകന്‍ പറഞ്ഞു.

അതേസമയം, നിജില്‍ ദാസിന് ഒളിവില്‍ കഴിയാന്‍ വീട് വിട്ടുനല്‍കിയ രേഷ്മയെ സംരക്ഷിക്കുന്നത് ബിജെപിയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പറഞ്ഞു. രേഷ്മയെ ജാമ്യത്തിലിറക്കാനെത്തിയത് ബിജെപി തലശേരി മണ്ഡലം ജനറല്‍ സെക്രട്ടറിയാണ്. രേഷ്മയ്ക്കുവേണ്ടി ഹാജരായത് അഭിഭാഷക പരിഷത്ത് നേതാവാണ്. രേഷ്മയുടെ ആര്‍എസ്എസ് ബന്ധത്തിന് ഇതില്‍ കൂടുതല്‍ തെളിവു വേണ്ട. രേഷ്മ പോലിസിനു നല്‍കിയ മൊഴിയിലും ബിജെപി ബന്ധം വ്യക്തമാണ്. കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞാണ് നിജില്‍ ദാസിന് താമസിക്കാന്‍ സ്ഥലം നല്‍കിയതെന്നും ജയരാജന്‍ പറഞ്ഞു.

ഒളിവില്‍ കഴിയാന്‍ വീട് വിട്ടുനല്‍കിയെന്ന കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ രേഷ്മയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.

Tags:    

Similar News