ഒന്നര വര്‍ഷം മുമ്പ് റിയാദില്‍ കാണാതായ കൊല്ലം സ്വദേശി ആത്മഹത്യ ചെയ്തതായി റിയാദ് പോലിസ്
റിയാദ് : ഒന്നര വര്‍ഷം മുമ്പ് റിയാദില്‍ കാണാതായ കൊല്ലം കരുനാഗപ്പള്ളി കല്ലേലിഭാഗം പുതുവീട്ടില്‍ താജുദ്ദീന്‍ അഹമ്മദ് (38) ആത്മഹത്യ ചെയ്തതായി റിയാദ് ശിഫ പോലീസ് സ്ഥിരീകരിച്ചു. അസീസിയയിലെ ഒരു കെട്ടിടത്തില്‍ ഇദ്ദേഹത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയും ബന്ധുക്കള്‍ എത്താത്തതിനാല്‍ ഒരു മാസത്തിന് ശേഷം റിയാദില്‍ ഖബറടക്കിയെന്നും പോലിസ് അറിയിച്ചു.
അസീസിയയിലെ പച്ചക്കറി മാര്‍ക്കറ്റിനടുത്ത് ബന്ധുക്കളോടൊന്നിച്ച് താമസിച്ചുവരികയായിരുന്ന താജുദ്ദീനെ 2020 മെയ് 17 നാണ് കാണാതായത്. മെയ് 11ന് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതിന് രണ്ടു ദിവസം മുമ്പ് തൊട്ടടുത്ത റൂമില്‍ താമസിച്ചിരുന്ന ഇദ്ദേഹത്തിന്റെ ബന്ധുവായ ശരീഫ് കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഇതോടെ റൂമിലുള്ളവരെല്ലാം ക്വാറന്റൈനില്‍ പോയി. തിരിച്ചെത്തിയപ്പോഴാണ് താജുദ്ദീനെ കാണാതാവുന്നത്. പിന്നീട് ബന്ധുക്കളും സാമൂഹിക പ്രവര്‍ത്തകരും പോലീസ് സ്‌റ്റേഷനുകള്‍, ജയിലുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലെല്ലാം തിരഞ്ഞിരുന്നു. ഇന്ത്യന്‍ എംബസി, കേന്ദ്ര വിദേശകാര്യമന്ത്രാലയം എന്നിവിടങ്ങളില്‍ അപേക്ഷയും നല്‍കിയിരുന്നു. സാമൂഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് കഴിഞ്ഞ ദിവസം ശിഫ പോലീസിലെത്തി വീണ്ടും അന്വേഷണം നടത്തിയപ്പോഴാണ് താജുദ്ദീന്‍ എന്നൊരാളുടെ മൃതദേഹം അസീസിയയിലെ ഒരു കെട്ടിടത്തില്‍ നിന്ന് ലഭിച്ചിരുന്നുവെന്നും ബംഗ്ലാദേശ് പൗരനായാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും ഒരു മാസത്തിന് ശേഷം മൃതദേഹം ഖബറടക്കിയെന്നും പോലീസ് രേഖകള്‍ നോക്കി സ്ഥിരീകരിച്ചത്.