വഴി കൊട്ടിയടച്ചു: അന്നമനട ഗ്രാമപഞ്ചായത്ത് ഓഫിസിനു മുന്‍പില്‍ കുടുംബത്തിന്റെ സത്യാഗ്രഹ സമരം
മാളഃ അന്നമനട ഗ്രാമപഞ്ചായത്ത് ഓഫിസിനു മുന്‍പില്‍ അന്നമനട അഞ്ചാം വാര്‍ഡ് വട്ടത്താന്‍മുറി കബീറും കുടുംബവും സത്യാഗ്രഹ സമരം നടത്തി. തന്റെ വീട്ടിലേക്കുള്ള വഴി ഗ്രാമപഞ്ചായത്ത് മതില്‍ കെട്ടി തടസപെടുത്തിയതില്‍ പ്രതിഷേധിച്ചുകൊണ്ടാണ് കുടുംബത്തിന്റെ സമരം. ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള അംഗന്‍വാടി കെട്ടിടത്തിന്റെ നിര്‍മാണത്തിനായാണ് വഴി കെട്ടി അടച്ചത്. ഇതോടെ കബീറിന് വീട്ടിലേക്ക് വഴി ഇല്ലാതായി. നിരവധി പരാതികള്‍ ഗ്രാമപഞ്ചായത്തിലേക്ക് നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് കുടുംബം പറയുന്നു.
അതേസമയം അന്നമനട ഗ്രാമപഞ്ചായത്തിന്റൈ മുന്നില്‍ നടത്തിവരുന്ന സത്യാഗ്രഹം അനാവശ്യവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ഗ്രാമപഞ്ചായത്തധികൃതര്‍ അറിയിച്ചു. 2000 മുതല്‍ 2019 വരെ അന്നമനട യു പി സ്‌കൂളില്‍ പ്രവര്‍ത്തിച്ചിരുന്ന അംഗന്‍വാടി നമ്പര്‍ 144, 2019 ല്‍ ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പുതുക്കിപ്പണിത കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. കബീറിന്റെ വീട് അംഗന്‍വാടിയുടെ പടിഞ്ഞാറ് വശത്താണ്. 2006ല്‍ ശശിധരന്‍ എന്നയാള്‍ കബീറിന്റെയും ഭാര്യയുടെയും പേരില്‍ കൈമാറ്റം ചെയ്ത ഭൂമിയുടെ ആധാരം പരിശോധിച്ചാല്‍ വഴി സംബന്ധമായ രേഖകള്‍ ഒന്നുമിലെന്ന് ബോധ്യമാകും.
2019 ജൂണില്‍ ചേര്‍ന്ന അംഗന്‍വാടി മോണിറ്ററിംഗ് ആന്റ് വെല്‍ഫെയര്‍ കമ്മറ്റിയില്‍ കബീറിന് അംഗന്‍വാടിയുടെ ഭൂമിയിലുടെ നടക്കുന്നതിനും മതില്‍ പണിത് ഗേറ്റ് വയ്ക്കുന്ന സമയത്ത് ഒരു താക്കോല്‍ നല്‍കാനും തീരുമാനിച്ചു. വീട് പണി നടക്കുന്ന സമയത്ത് സാധനങ്ങള്‍ കൊണ്ടുപോകാനും അനുമതി നല്‍കി. ഈ സഹചര്യത്തില്‍ നടക്കുന്ന സമരം ശരിയല്ലെന്നാണ് പഞ്ചായത്തിന്റെ നിലപാട്.