കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് യുപിയില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
ലഖ്‌നോ: രാജ്യത്തെ ഏതാനും ചില സംസ്ഥാനങ്ങളില്‍ മാത്രം കൊവിഡ് വ്യാപനം തീവ്രമായി തുടരുന്നത് കണക്കിലെടുത്ത് ഉത്തര്‍പ്രദേശ് കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. തമിഴ്‌നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ള മറ്റ് രണ്ട് സംസ്ഥാനങ്ങള്‍. നാല് ദിവസം മുമ്പുള്ള പരിശോധനാ ഫലമാണ് വേണ്ടത്.
ഇതിനും പുറമെ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കുമാത്രമേ അനുമതി നല്‍കൂ.
ഞായറാഴ്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ നടന്ന ടീം 9 യോഗത്തിലാണ് തീരുമാനമെടുത്തത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങില്‍ രോഗബാധ വ്യത്യസ്ത രീതിയിലാണ് വ്യാപിച്ചിട്ടുളളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
യാത്ര പുറപ്പെടുന്നതിന് നാല് ദിവസത്തിനുള്ളിലായിരിക്കണം പരിശോധന നടത്തേണ്ടത്.
ഈ നിയമം സ്വകാര്യ വാഹനങ്ങളില്‍ അതിര്‍ത്തി കടക്കുന്നവര്‍ക്കും ബാധകമാണ്. സംസ്ഥാന അതിര്‍ത്തിയില്‍ അതിനും പുറമെ ആന്റിജന്‍ പരിശോധനയും തെര്‍മല്‍ പരിശോധനയും നടത്തും. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ താമസിയാതെ പുറത്തിറക്കും.