റഷ്യ നടത്തിയത് കൂട്ടക്കൊല; യുക്രെയ്‌നില്‍ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തി
കിവ്: യുക്രെയ്ന്‍ തലസ്ഥാനമായ ബുച്ചയില്‍ സിവിലിയന്‍മാരെ അടക്കംചെയ്ത കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തി. റഷ്യന്‍ സേന നടത്തിയത് കരുതിക്കൂട്ടിയ കൊലപാതകങ്ങളാണെന്ന് വിദേശകാര്യമന്ത്രി ഡിമിട്രോ കുലേബ പറഞ്ഞു. ഏകദേശം 300 ഓളം പേരെ അടക്കം ഒരൊറ്റ കുഴിയില്‍ അടക്കം ചെയ്തതായി യുക്രെയ്ന്‍ സര്‍ക്കാര്‍ അറിയിച്ചു.
ഇതേ നഗരത്തില്‍ കഴിഞ്ഞ ദിവസം ഇരുപതോളം പേരുടെ മൃതദേഹങ്ങള്‍ റോഡരികില്‍നിന്ന് കണ്ടെടുത്തിരുന്നു.
'ബുച്ച കൂട്ടക്കൊല ആസൂത്രിതമായിരുന്നു. തങ്ങളാല്‍ കഴിയുന്നത്ര യുക്രെയ്ന്‍കാരെ ഉന്മൂലനം ചെയ്യുകയായിരുന്നു റഷ്യന്‍ സൈന്യത്തിന്റെ ലക്ഷ്യം. ഞങ്ങള്‍ അവരെ തടഞ്ഞു, പുറത്താക്കി. റഷ്യക്കെതിരേ ഉപരോധം വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു''- കുലേബ പറഞ്ഞു.
കൊലചെയ്യപ്പെട്ടവരുടെ കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലാണ്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. നാസി കാലത്തെ അനുസ്മരിക്കുന്ന സംഭവങ്ങളാണ് നടന്നതെന്ന് യുക്രെയ്ന്‍ പ്രസിഡന്റിന്റെ ഉപദേശകന്‍ മൈഖൈലോ പോഡോലിയാക് ട്വീറ്റ് ചെയ്തു.
'ഇത് റഷ്യ മനപ്പൂര്‍വ്വം ചെയ്തതാണ്. ഊര്‍ജ്ജ സ്രോതസ്സുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുക, തുറമുഖങ്ങള്‍ അടയ്ക്കുക. കൊലപാതകങ്ങള്‍ നിര്‍ത്തുക!'-മറ്റൊരു ട്വീറ്റില്‍ ആവശ്യപ്പെട്ടു.
യുക്രെയ്ന്‍ സേനയുടെ ചെറുത്തുനില്‍പ്പിന് മുന്നില്‍ റഷ്യന്‍ സൈന്യം പിന്‍വാങ്ങിതിനു പിന്നാലെയാണ് സാധാരണക്കാരെ കൊലചെയ്തതിന്റെ തെളിവുകള്‍ പുറത്തുവന്നത്.