അമിതാബ് ബച്ചന്‍, നടന്നു തളരുന്നവര്‍ക്ക് വിമാനം ഏര്‍പ്പെടുത്തിയ നിങ്ങളാണ് ഹീറോ

മുംബൈയില്‍ നിന്ന് അലഹബാദ്, ഗോരഖ്പൂര്‍, വാരണാസി എന്നിവിടങ്ങളിലേക്ക് ഏര്‍പ്പെടുത്തിയ നാലു വിമാനങ്ങളിലായി 180 കുടിയേറ്റ തൊഴിലാളികള്‍ വീതമാണ് സ്വദേശത്തേക്ക് എത്തിയത്.

Update: 2020-06-10 16:27 GMT
മുംബൈ: ലോക്ഡൗണില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ അവരുടെ ഗ്രാമങ്ങളിലേക്ക് എത്തിക്കാന്‍ ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ ഏര്‍പ്പെടുത്തിയത് നാല് പ്രത്യേക വിമാനങ്ങള്‍. ഇത് ഉപയോഗപ്പെടുത്തി 700 ഓളം തൊഴിലാളികളാണ് ഉത്തര്‍പ്രദേശിലെ വിവിധ പ്രദേശങ്ങളിലേക്ക് പറന്നെത്തിയത്. ബച്ചന്റെ നിര്‍ദേശപ്രകാരം അദ്ദേഹത്തിന്റെ അടുത്ത സഹായി എബി കോര്‍പ്പ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ രാജേഷ് യാദവാണ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയത്. കുടിയേറ്റക്കാര്‍ക്കായി ഒരു ട്രെയിന്‍ ബുക്ക് ചെയ്യാനും അമിതാഭ് ബച്ചന്‍ തീരുമാനിച്ചിട്ടുണ്ട്.

ബുധനാഴ്ച രാവിലെ മുംബൈയില്‍ നിന്ന് അലഹബാദ്, ഗോരഖ്പൂര്‍, വാരണാസി എന്നിവിടങ്ങളിലേക്ക് ഏര്‍പ്പെടുത്തിയ നാലു വിമാനങ്ങളിലായി 180 കുടിയേറ്റ തൊഴിലാളികള്‍ വീതമാണ് സ്വദേശത്തേക്ക് എത്തിയത്. തൊഴിലാളികള്‍ക്കായുള്ള രണ്ട് വിമാനങ്ങള്‍ വ്യാഴാഴ്ച പുറപ്പെടും.

ലഖ്നൗ, അലഹബാദ്, ഭാദോഹി, ഉത്തര്‍പ്രദേശിലെ മറ്റ് സ്ഥലങ്ങള്‍ എന്നിവിടങ്ങളിലേക്ക് 300 കുടിയേറ്റക്കാര്‍ക്കായി 10 ബസുകളും ബച്ചന്‍ വാടകക്കെടുത്ത് നല്‍കിയിരുന്നു. മാഹിമിലെയും ഹാജി അലിയിലെയും ദര്‍ഗകളുമായി സഹകരിച്ചായിരുന്നു തൊഴിലാളികള്‍ക്ക് ബസ് ഏര്‍പ്പെടുത്തിയത്.

അമിതാഭ് ബച്ചനു പുറമെ നടന്‍ സോനു സൂദും കുടിയേറ്റ തൊഴിലാളികള്‍ക്ക് യാത്രാ സഹായം നല്‍കിയിരുന്നു. 180 ആസാമീസ് കുടിയേറ്റക്കാരെ നാട്ടിലേക്ക് അയയ്ക്കാന്‍ ഒരോ ആഴ്ച്ചയിലും ഒരു വിമാനം വീതമാണ് അദ്ദേഹം ചാര്‍ട്ടര്‍ ചെയ്ത് ഏര്‍പ്പെടുത്തിയത്. ഇപ്രകാരം കഴിഞ്ഞ മാസം കേരളത്തില്‍ കുടുങ്ങിയ 177 തൊഴിലാളികളെ ഒഡീഷയിലേക്ക് പറക്കാന്‍ അദ്ദേഹം സഹായിച്ചിരുന്നു. ഒഡീഷ, ബീഹാര്‍, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ 20,000ത്തോളം തൊഴിലാളികളെ റോഡുമാര്‍ഗ്ഗം വീടുകളിലേക്ക് മടങ്ങാനും സോനു സൂദ് സഹായിച്ചിരുന്നു.


Tags:    

Similar News