അന്‍വര്‍ഷ
ജനാധിപത്യ ഇന്ത്യയുടെ ഹിന്ദുത്വവല്‍ക്കരണം സംഘപരിവാരത്തിന്റെ ഒളിയജണ്ടയല്ല. ആര്‍എസ്എസിന്റെ ഹിന്ദുത്വരാഷ്ട്രം എന്ന ലക്ഷ്യത്തിലേക്കുള്ള കര്‍മപദ്ധതിയാണ്. കൃത്യമായ ആസൂത്രണത്തോടെ രഹസ്യമായി നടന്നുകൊണ്ടിരുന്ന ഹിന്ദുത്വ അജണ്ട ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടുകൂടി പരസ്യമായ നയവും പരിപാടിയുമായി പ്രഖ്യാപിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. കേന്ദ്രത്തിലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും പൗരന്റെ വ്യക്തിജീവിതത്തെയും സാമൂഹികജീവിതത്തെയും കീഴ്‌മേല്‍ മറിക്കുന്ന പരിഷകരണങ്ങള്‍ക്കാണ് സംഘപരിവാര ഭരണകൂടം വിദ്യാഭ്യാസ സംവിധാനത്തിലും നിയമരംഗത്തും സാംസ്‌കാരിക മേഖലയിലും നടപ്പാക്കുന്നത്. വിദ്യാഭ്യാസ മേഖലയിലുള്ള ഹിന്ദുത്വ ഇടപെടലുകളെ, വിദ്യാഭ്യാസ മേഖലയിലെ കാവിവല്‍ക്കരണമെന്നു സാമൂഹിക നിരീക്ഷകര്‍ അടയാളപ്പെടുത്തുമ്പോള്‍, അത്തരത്തില്‍ കാവിവല്‍ക്കരിച്ചാലെന്താണ് പ്രശ്‌നമെന്നാണ് ഹരിദ്വാറിലെ ദേവ് സംസ്‌കൃത വിശ്വവിദ്യാലയത്തില്‍ സൗത്ത്് ഏഷ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പീസ് ആന്റ് റീകണ്‍സിലിയേഷന്‍ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ചോദിച്ചത്. മെക്കാളെയുടെ വിദ്യാഭ്യാസത്തെ ഇല്ലാതാക്കുന്നതിന്റെ ഭാഗം മാത്രമാണെന്നാണ് അദ്ദേഹമതിനെ ന്യായീകരിച്ചത്. എന്നാല്‍, തങ്ങള്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ പാഠപുസ്തക സിലബസുകള്‍ മാറ്റുമെന്നു 2013 ജൂണ്‍ 23നു തന്നെ വ്യക്തമായി പ്രഖ്യാപിച്ചയാളാണ് എം വെങ്കയ്യ നായിഡു.
എന്‍സിഇആര്‍ടിയിലെ കാവിവല്‍ക്കരണം
1998ല്‍ സംഘപരിവാര ശക്തികള്‍ രാജ്യത്ത് അധികാരത്തിലേറിയപ്പോള്‍ അവര്‍ ആദ്യം ചെയ്തത് പാഠപുസ്തകങ്ങളിലെ ഉള്ളടക്കങ്ങള്‍ മാറ്റാന്‍ വേണ്ടി നാഷനല്‍ കരിക്കുലം ഫ്രെയിംവര്‍ക്ക് (എന്‍സിഎഫ്) എന്നൊരു സമിതി ഉണ്ടാക്കുകയായിരുന്നു. അവിടുന്നിങ്ങോട്ട് പല അവസരങ്ങളിലായി തങ്ങളുടെ അജണ്ടകള്‍ ഒളിച്ചുകടത്താന്‍ ആര്‍എസ്എസ് ശക്തികള്‍ക്കായി. രാജ്യത്തെ ചാതുര്‍വര്‍ണ്യ സമ്പ്രദായത്തെ വിമര്‍ശിച്ചുകൊണ്ടുള്ള പാഠഭാഗം നാഷനല്‍ കൗണ്‍സില്‍ ഫോര്‍ എജ്യുക്കേഷനല്‍ റിസര്‍ച്ച് ആന്റ് ട്രെയ്‌നിങ് (എന്‍സിഇആര്‍ടി) പാഠപുസ്തകങ്ങളില്‍നിന്നു നീക്കം ചെയ്തതില്‍ പ്രതിഷേധിച്ച് 2001 ഡിസംബറില്‍ ഡല്‍ഹിയിലെ ഒരുകൂട്ടം ചരിത്രകാരന്മാര്‍ വിദ്യാഭ്യാസ മേഖലയിലെ കാവിവല്‍ക്കരണത്തെ അപലപിച്ചു പ്രസ്താവന പുറത്തിറക്കിയതും 2014ല്‍ വിദ്യാര്‍ഥികളെ സമരമുഖത്തേക്ക് ആകര്‍ഷിക്കുമെന്നു പറഞ്ഞു 11ാം ക്ലാസ് ഹിന്ദി പാഠപുസ്തകങ്ങളില്‍നിന്നു പാഷിന്റെ കവിതകള്‍ നീക്കം ചെയ്തതിനെ തുടര്‍ന്നുണ്ടായ വിവാദവും ഒളിയജണ്ടയെ പുറത്തുകാട്ടിയ രണ്ടു സംഭവങ്ങള്‍ മാത്രം.
അറബി, ഉര്‍ദു, ഇംഗ്ലീഷ് വാക്കുകളും വിഖ്യാത കവികളായ മിര്‍സാ ഗാലിബ്, രവീന്ദ്രനാഥ ടാഗൂര്‍ എന്നിവരുടെ കവിതകളും ലോകപ്രശസ്ത ചിത്രകാരന്‍ എം എഫ് ഹുസയ്‌ന്റെ ജീവചരിത്ര ഭാഗങ്ങളും മുഗള്‍ ചക്രവര്‍ത്തിമാരെ ഉദാരന്മാരായി വിശേഷിപ്പിക്കുന്ന പാഠഭാഗങ്ങളും ബിജെപിയെ ഹിന്ദു പാര്‍ട്ടിയെന്നു വിശേഷിപ്പിക്കുന്നതുമടക്കം നിരവധി പരാമര്‍ശങ്ങള്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍നിന്ന് ഒഴിവാക്കണമെന്ന് ആര്‍എസ്എസിനു കീഴിലുള്ള ശിക്ഷ സംസ്‌കൃതി ഉഠാന്‍ ന്യാസ് എന്ന സംഘടന എന്‍സിഇആര്‍ടിയോട് 2017ല്‍ ആവശ്യപ്പെട്ടിരുന്നു. 1984ലെ സിഖ് കൂട്ടക്കൊലയ്ക്കു മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് മാപ്പപേക്ഷിച്ചതും 2002ല്‍ 'ഗുജറാത്തില്‍ രണ്ടായിരത്തോളം മുസ്‌ലിംകള്‍ കൊല്ലപ്പെട്ടു' എന്ന വാചകവും പാഠപുസ്തകങ്ങളില്‍നിന്നു മാറ്റണമെന്നതും സംഘടനയുടെ ആവശ്യങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. 2020ല്‍ നാഗ്പൂര്‍ യൂനിവേഴ്‌സിറ്റി ബിഎ കരിക്കുലം പുതുക്കിയത് 'ഇന്ത്യയിലെ ആര്‍എസ്എസിന്റെ സംഭാവനകള്‍' ഉള്‍പ്പെടുത്തിക്കൊണ്ടാണ്. 1885 മുതല്‍ 1947 വരെയുള്ള ഇന്ത്യാ ചരിത്രം പ്രതിപാദിക്കുന്ന ഭാഗത്താണ് ആര്‍എസ്എസുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 'രാഷ്ട്ര നിര്‍മാണത്തില്‍ ആര്‍എസ്എസിന്റെ പങ്ക്' എന്ന തലക്കെട്ടിലും പാഠഭാഗങ്ങളുണ്ടെന്നതാണ് രസകരം. നിലവിലുള്ള ചരിത്രങ്ങള്‍ വളച്ചൊടിക്കുക മാത്രമല്ല, മറിച്ച് നുണകള്‍ പടച്ചുണ്ടാക്കുക കൂടിയാണ് സംഘപരിവാരത്തിന്റെ ലക്ഷ്യമെന്ന് ഇതില്‍നിന്നു വ്യക്തമാണ്.
എന്‍സിഇആര്‍ടി സിലബസ്സിലെ 182ഓളം ടെക്സ്റ്റ് ബുക്കുകളില്‍നിന്നു രാജ്യമൊട്ടാകെ സമ്പൂര്‍ണ പരാജയമെന്നു വിധിയെഴുതിയ നോട്ടുനിരോധനം, ഡിജിറ്റല്‍ ഇന്ത്യ, സ്വച്ഛ് ഭാരത് പദ്ധതികള്‍ തുടങ്ങിയ ഗവണ്‍മെന്റ് നയങ്ങളെ സമ്പൂര്‍ണ വിജയമായി അവതരിപ്പിക്കുന്ന വിശദീകരണങ്ങളുണ്ട്. അഥവാ വിശദീകരിച്ചു വിജയിപ്പിക്കാന്‍ ബിജെപി ഗവണ്‍മെന്റിനുപോലും സാധിക്കാതിരുന്ന മണ്ടന്‍ പരിഷ്‌കാരങ്ങളെ അധ്യാപകര്‍ കുട്ടികള്‍ക്കു മുന്നില്‍ സര്‍ക്കാരിന്റെ വന്‍നേട്ടങ്ങളായി അവതരിപ്പിക്കണമെന്ന്. ഈ 182 ടെക്സ്റ്റ് ബുക്കുകളില്‍ 2014-2018 വര്‍ഷത്തിനിടയില്‍ മാത്രം 1134 മാറ്റങ്ങള്‍ വരുത്തിയതായി 'ഇന്ത്യന്‍ എക്‌സ്പ്രസ്' റിപോര്‍ട്ട് ചെയ്യുന്നു.
ഹിറ്റ്‌ലറെ വീരപുരുഷനാക്കുന്ന പാഠപുസ്തകം
ഹരിയാനയില്‍ വിദ്യാര്‍ഥികളെ ധാര്‍മികമൂല്യങ്ങള്‍ പഠിപ്പിക്കാനായി ആര്‍എസ്എസ് നേതാവായ ദീനാനാഥ് ബത്ര മോറല്‍ സയന്‍സ് എന്ന വിഷയത്തിനായി തയ്യാറാക്കിയ പുസ്തകത്തില്‍ ഹിന്ദു പുരാണവുമായി ബന്ധമുള്ള സരസ്വതി വന്ദന എന്ന മന്ത്രം ഉള്‍പ്പെടുത്തിയതും മറ്റു മതസ്ഥര്‍പോലും അതു പാരായണം ചെയ്യാന്‍ നിര്‍ബന്ധിപ്പിക്കപ്പെട്ടതുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. മുസ്‌ലിം, ക്രിസ്ത്യന്‍, പാഴ്‌സി മതക്കാരെ വിദേശികളെന്നു വിശേഷിപ്പിച്ചതും അഡോള്‍ഫ് ഹിറ്റ്‌ലറെ വീരപുരുഷനായി ചിത്രീകരിച്ചതും ഗുജറാത്തിലെ ചില പാഠപുസ്തകങ്ങളായിരുന്നു. മധ്യപ്രദേശിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭഗവത്ഗീത പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ 2014ല്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പിന്നീട് 2019ല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കു രാമായണവും മഹാഭാരതവും രാമസേതുവും സിലബസ്സില്‍ ഉള്‍പ്പെടുത്താനായിരുന്നു മധ്യപ്രദേശ് സര്‍ക്കാരിന്റെ മറ്റൊരു നീക്കം. രാമന്‍ തന്റെ പത്‌നിയായ സീതയെ രാവണില്‍നിന്നു വീണ്ടെടുക്കാന്‍ രാമസേതു നിര്‍മിക്കുകയും ലങ്കയിലെത്തി രാവണനെ നിഗ്രഹിച്ചുവെന്നുമുള്ള ഐതിഹ്യം പഠിക്കുന്നതിലൂടെ രാമന്റെ കാലഘട്ടത്തിലെ എന്‍ജിനീയറിങ് വിദ്യകളെക്കുറിച്ചു വിദ്യാര്‍ഥികള്‍ക്കു പഠിക്കാന്‍ അവസരമൊരുങ്ങുമെന്നാണ് ഇതിനെക്കുറിച്ചു മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസമന്ത്രി പ്രതികരിച്ചത്. എംബിബിഎസ് വിദ്യാര്‍ഥികളുടെ സിലബസ്സില്‍ ആര്‍എസ്എസ് സ്ഥാപകന്‍ കെ ബി ഹെഡ്‌ഗേവറിനെയും ജനസംഘ് സ്ഥാപകന്‍ ദീന്‍ദയാല്‍ ഉപാധ്യായയെയും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതിനു പിന്നാലെയായിരുന്നു മധ്യപ്രദേശ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.
കര്‍ണാടകയിലും സ്‌കൂള്‍ സിലബസ്സില്‍ ഭഗവത് ഗീതയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്താനുള്ള ആലോചനകളുണ്ടെന്ന വാര്‍ത്ത വന്നത് ഈ വര്‍ഷം മാര്‍ച്ച് 17നാണ്. കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗുജറാത്തില്‍ മൂന്നു മുതല്‍ നാലു ഘട്ടങ്ങളിലായി സദാചാരമൂല്യം അവതരിപ്പിക്കാന്‍ അവര്‍ തീരുമാനിച്ചിട്ടുണ്ടെന്നും ആദ്യഘട്ടത്തില്‍ ഭഗവദ്ഗീത അവതരിപ്പിക്കാനാണ് അവരുടെ തീരുമാനമെന്നും അതാണ് തനിക്കുള്ള പ്രചോദനമെന്നുമാണ് മന്ത്രിയുടെ വിശദീകരണം. ഹിജാബിട്ടാല്‍ മതേതരത്വം ഇടിഞ്ഞുവീഴുമെന്നു പറഞ്ഞു മുസ്്‌ലിം വിദ്യാര്‍ഥിനികളെ പഠിക്കാനും പരീക്ഷയെഴുതാനും അനുവദിക്കാതെ മാറ്റിനിര്‍ത്തുകയും എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ വന്ന വിദ്യാര്‍ഥികള്‍ക്ക് ഹിജാബ് ധരിച്ചു പരീക്ഷയെഴുതാന്‍ അനുവദിച്ചതിന് ഏഴോളം അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്ത അതേ സര്‍ക്കാരാണ് ഗീത പഠിപ്പിക്കുന്നതിനെക്കുറിച്ചു വാചാലമാവുന്നതെന്ന വിരോധാഭാസമൊന്നും ലജ്ജയും ധാര്‍മികതയും അശേഷമില്ലാത്ത സംഘപരിവാരുകാരന് ഒരു വിഷയമല്ല.
മെഡിക്കല്‍ കോളജിലെ 'ചരകന്‍'
2022 ആവുമ്പോഴേക്കും രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളിലും മറ്റു സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഉന്നത അധികാരങ്ങളിലുമൊക്കെ സംഘബന്ധുക്കളെ നിയമിക്കാനും ദേശീയ വിദ്യാഭ്യാസ നയത്തിലെ മാറ്റമെന്ന നിലയില്‍ ഔദ്യോഗികമായി വിദ്യാഭ്യാസത്തെ സവര്‍ണവല്‍ക്കരിക്കുന്ന വിദ്യാഭ്യാസ നയം കൊണ്ടുവരാനും തങ്ങള്‍ക്ക് അധികാരമുള്ള സംസ്ഥാനങ്ങളില്‍ ഇന്ത്യന്‍ സംസ്‌കാരമെന്ന വ്യാജേന ഹിന്ദു വിശ്വാസാചാരങ്ങള്‍ പാഠഭാഗങ്ങളാക്കാനും സംഘപരിവാരത്തിനു കഴിഞ്ഞുവെന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ടാണ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തിയാക്കുമ്പോള്‍ ബിരുദദാന ചടങ്ങില്‍ ചൊല്ലുന്ന ഹിപ്പോക്രാറ്റിക് പ്രതിജ്ഞ ഒഴിവാക്കി പകരം മഹര്‍ഷി ചരകന്റെ പേരിലുള്ള ശപഥമെടുക്കണമെന്ന 'ദേശീയ മെഡിക്കല്‍ കമ്മീഷനില്‍' നിന്നു നിര്‍ദേശം വരുന്നതും കണ്ണൂര്‍ സര്‍വകലാശാലയില്‍ പോലും സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും കൃതികളെക്കുറിച്ച പഠനം പഠഭാഗങ്ങളില്‍ ഉള്‍ക്കൊള്ളിക്കാനുള്ള നിര്‍ദേശങ്ങള്‍ ഉണ്ടാവുന്നതും.
ഈ മാസം 15നാണ് കര്‍ണാടക ഹൈക്കോടതി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഹിജാബ് വിലക്ക് ശരിവച്ചത്. ഹിജാബ് ഇസ്‌ലാമില്‍ അവിഭാജ്യ ഘടകമല്ലെന്നും അനിവാര്യമായ മതാചാരമല്ലെന്നും പറഞ്ഞായിരുന്നു കോടതി നടപടി. ഹിജാബിന്റെ പേരില്‍ മുസ്‌ലിം പെണ്‍കുട്ടികളെയും അധ്യാപകരെയും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് അകറ്റിനിര്‍ത്താനുള്ള തങ്ങളുടെ അജണ്ടയ്ക്കു കോടതിയുടെ പച്ചക്കൊടി കൂടി കിട്ടിയപ്പോള്‍ കര്‍ണാടകയിലെ സംഘപരിവാര വിദ്വേഷ പ്രചാരങ്ങള്‍ക്കു പ്രത്യേക ഊര്‍ജം കൈവന്നതായി നമുക്കു കാണാന്‍ കഴിയും. ഉല്‍സവവേളകളിലും മറ്റു ക്ഷേത്ര പരിപാടികള്‍ക്കിടയിലുമെല്ലാം ക്ഷേത്രപരിസരങ്ങളില്‍ മുസ്‌ലിം വ്യാപാരികള്‍ കച്ചവടം നടത്തുന്നതില്‍ ശിവമോഗ, ദക്ഷിണ കന്നട ജില്ലകളില്‍ ഹിന്ദുത്വര്‍ എതിര്‍പ്പുമായി രംഗത്തുവരുകയും മുസ്‌ലിം വ്യാപാരികള്‍ക്കു വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ചു ബംഗളൂരു അര്‍ബന്‍, ഹാസന്‍, തുമകുരു, ചിക്മഗളൂരു എന്നീ ജില്ലകളിലും മുസ്‌ലിം വ്യാപാരികള്‍ക്കു വിലക്കേര്‍പ്പെടുത്തണമെന്നു വിശ്വഹിന്ദു പരിഷത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹിന്ദു പുതുവല്‍സരാഘോഷമായ ഉഗഡിയോടനുബന്ധിച്ചു ഹലാല്‍ മാംസം വാങ്ങരുതെന്ന പ്രചാരണവും ഹിന്ദു ജന്‍ജാഗ്രതി സമിതിയടക്കമുള്ള സംഘടനകളുടെ നേതൃത്വത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമാണ്. 'ഉഗഡി' ആഘോഷത്തിന്റെ പിറ്റേന്ന് നോണ്‍ വെജിറ്റേറിയന്‍ ഹിന്ദു വിശ്വാസികള്‍ മാംസം ഉപയോഗിക്കാറുണ്ട്. ഈ ഘട്ടത്തിലാണ് ഹലാല്‍വിരുദ്ധ കാംപയിന്‍ നടന്നത്.
വിദ്യാസമ്പന്നരായ, പ്രബുദ്ധരായ ജനങ്ങള്‍ക്കു മുന്നില്‍ തങ്ങളുടെ അജണ്ടകള്‍ വിലപ്പോവില്ലെന്ന ഉത്തമ ബോധ്യമുള്ള സംഘപരിവാരം ചരിത്രത്തെയും വിദ്യാഭ്യാസത്തെയും എന്നും ഭീതിയോടെയാണ് നോക്കിക്കണ്ടത്. പാഠപുസ്തകങ്ങളിലെ കൈകടത്തുലകളിലൂടെ സംഘപരിവാരം രണ്ടു കാര്യങ്ങള്‍ ലക്ഷ്യംവയ്ക്കുന്നു. ഒന്ന്, തങ്ങള്‍ക്ക് ഒറ്റുകാരുടെ കരിപുരണ്ട ചിത്രം മാത്രമുള്ള ഇന്ത്യന്‍ ചരിത്രം തിരുത്തി രാജ്യസ്‌നേഹികളുടെ പ്രച്ഛന്നവേഷം എടുത്തണിയുക. രണ്ട്, സംഘപരിവാരം വിഡ്ഢിത്തങ്ങളെ 'ശാസ്ത്ര'മായി വ്യാഖ്യാനിക്കുന്ന 'വിദ്യാസമ്പന്നരെ' പടച്ചുവിടുക എന്നിവയാണവ.