സന്ദീപ് വധം; ആര്‍എസ്എസ്സിനെ വെള്ള പൂശുന്ന പോലിസ്

Update: 2021-12-03 11:36 GMT

പ്രമോദ് പുഴങ്കര

കോഴിക്കോട്: പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ സിപിഎം നേതാവ് സന്ദീപിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പോലിസിന്റെ ഇടപെടലിനെതിരേ നിരവധി സംശയങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. കൊലപാതകത്തിനുള്ള കാരണങ്ങളെ വ്യക്തിപരമാക്കി മാറ്റി സംഘ്പരിവാര്‍ സംഘടനകളെ കുറ്റവിമുക്തരാക്കുകയാണ് ചെയ്യുന്നതെന്ന് വിവിധ തലത്തിലുള്ളവര്‍ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. അക്കാര്യം കൊണ്ടുതന്നെ സര്‍ക്കാരിനെതിരേ വലിയ എതിര്‍പ്പും ഉയര്‍ന്നുവന്നിട്ടുണ്ട്. ഫേസ്ബുക്കിലൂടെ തന്റെ രാഷ്ട്രീയം പങ്കുവയ്ക്കാറുള്ള അഭിഭാഷകനായ പ്രമോദ് പുഴങ്കര ഇക്കാര്യത്തില്‍ തന്നെയാണ് ഊന്നുന്നത്.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപമാണ് താഴെ.

സഖാവ് സന്ദീപിന്റെ കൊലപാതകത്തിന്റെ മോട്ടീവ് രാഷ്ട്രീയകാരണങ്ങള്‍ അല്ലെന്നും കേവലം വ്യക്തിവൈരാഗ്യം മാത്രമാണെന്നും കേരള പൊലിസ് ഇത്രയെളുപ്പം തീര്‍പ്പാക്കിയത് അമ്പരപ്പുണ്ടാക്കുന്നില്ല. കാരണം, കേരളത്തിലെ പൊലിസ് സേന അടിസ്ഥാനപരമായി ജനങ്ങളോട് ഉത്തരവാദിത്തമില്ലാത്തവരായി മാറിക്കഴിഞ്ഞിട്ട് നാളേറെയായി.

സിപിഎമ്മിന്റെ ലോക്കല്‍ സെക്രട്ടറിയെ വ്യക്തിവൈരാഗ്യം (അതും ആരോപിക്കപ്പെടുന്ന വൈരാഗ്യകാരണം തന്നെ വളരെ ദുര്‍ബലമാണ്) മൂലം വെട്ടിയും കുത്തിയും കൊന്നു എന്നത് അത്ര എളുപ്പം കേരളത്തില്‍ വിശ്വസിക്കാന്‍ കഴിയുന്ന കഥയല്ല. കൊലപാതകം ചെയ്ത രീതിയാകട്ടെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ്. കൊലയില്‍ ആര്‍എസ്എസ്സിനു പങ്കുണ്ടെന്ന് സിപിഎം ആരോപിച്ചിട്ടുണ്ട്. എന്നിട്ടും പ്രതികളെപ്പിടിച്ചു ഇരുട്ടി വെളുക്കും മുമ്പേ കൊലയുടെ മോട്ടീവ് കണ്ടെത്തുകയും ആര്‍എസ്എസ്സിനെ കുളിപ്പിച്ചടുക്കുകയും ചെയ്തു പൊലിസ്.

പൊലിസിന് മുകളിലുള്ള രാഷ്ട്രീയനിയന്ത്രണം എന്നത് ജനാധിപത്യത്തില്‍ ജനങ്ങളുടെ നിയന്ത്രണമാണ്. അല്ലെങ്കില്‍ ആഭ്യന്തര മന്ത്രി വേണ്ട, ഡിജിപി മതിയല്ലോ. ഈ ജനാധിപത്യ നിയന്ത്രണം അവസാനിപ്പിക്കുന്നതാണ് കേമത്തമെന്നും ജനങ്ങളെ ഭയപ്പെടുത്തുമ്പോഴാണ് ഇത് താണ്ട പൊലിസ് എന്ന് കയ്യടി കിട്ടുകയെന്നും വരുത്തുന്നത് ചോദ്യങ്ങളും വിമര്‍ശനങ്ങളും അതിനു മറുപടി നല്‍കാനുള്ള ഉത്തരവാദിത്തവും ഇഷ്ടപ്പെടാത്ത സംവിധാനങ്ങളാണ്. കേരളത്തിലെ പൊലിസിനെ അത്തരത്തിലാണ് മേയ്ക്കുന്നത്.

ഫാഷിസ്റ്റ് വിരുദ്ധതയുടെ രാഷ്ട്രീയത്തിന്റെ പേരില്‍ സഖാക്കള്‍ വെട്ടുകൊണ്ട് പിളര്‍ന്ന് പിടഞ്ഞുവീഴുമ്പോള്‍ ആര്‍എസ്എസ്സിനെ വിശുദ്ധരാക്കുന്ന പൊലിസ് ഭരണത്തില്‍ അടിസ്ഥാനപരമായ കടുത്ത പിഴവുകളുണ്ട്. 

Full View

Tags:    

Similar News