ഡല്‍ഹി ജാഫറാബാദിലെ സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ക്കു നേരെ സംഘപരിവാര്‍ ആക്രമണം

ശാഹീന്‍ബാഗ് മാതൃകയില്‍ ഈ പ്രതിഷേധവും വളരുന്നതിലുള്ള ആശങ്കയായിരിക്കാം പെട്ടെന്നുള്ള ആക്രമണത്തിനു പിന്നിലെന്ന് കരുതുന്നു

Update: 2020-02-23 13:24 GMT

ന്യൂഡല്‍ഹി: ഡല്‍ഹി ജാഫറാബാദില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനു നേരേ സംഘപരിവാറിന്റെ ആസൂത്രിത ആക്രമണം. സിഎഎ അനുകൂല മുദ്രാവാക്യം വിളിച്ചെത്തിയ ഏതാനും പേരാണ് സ്ത്രീകളുടെ നേതൃത്വത്തില്‍ തുടങ്ങിയ കുത്തിയിരിപ്പു സമരത്തിനു നേരെ ആക്രമണം അഴിച്ചുവിട്ടത്. 25ഓളം വരുന്ന അക്രമികള്‍ സമരക്കാര്‍ക്കു നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇന്ന് വൈകീട്ട് സ്ഥലത്തെ ബിജെപി നേതാവ് കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ ഇതേ സ്ഥലത്ത് സിഎഎ അനുകൂല പ്രകടനം നടത്താനുള്ള ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. അക്രമികളെ പിരിച്ചുവിടാന്‍ പോലിസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

ഇതിനിടയിലും സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ സമരം തുടരുകയാണ്.

ഇന്നലെയാണ് സ്ത്രീകളുടെ നേതൃത്വത്തില്‍ ജാഫറാബാദില്‍ പ്രതിഷേധം ആരംഭിച്ചത്. സീലംപൂര്‍ മജ്പൂര്‍ യമുന വിഹാര്‍ പ്രദേശങ്ങളെ ഡല്‍ഹിയുമായി ബന്ധിപ്പിക്കുന്ന റോഡ് ആണ് ഉപരോധിച്ചത്. സാധാരണ പ്രതിഷേധമായി തുടങ്ങിയ റോഡ് ഉപരോധം ഏറെ താമസിയാതെ സ്ഥിരം സമരവേദിയായി പ്രതിഷേധക്കാര്‍ പ്രഖ്യാപിക്കുകയായിരുന്നു. മുസ്ലിങ്ങളോട് വിവേചനം പുലര്‍ത്തുന്ന പൗരത്വ നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കുകയില്ലെന്ന് ആസാദി മുദ്രാവാക്യം മുഴക്കുന്ന പ്രതിഷേധക്കാര്‍ ഇന്ന് പ്രഖ്യാപിച്ചു.

പ്രതിഷേധം സ്ഥിരം വേദിയാവുമെന്ന് ഉറപ്പായതോടെ സര്‍ക്കാര്‍ വനിതകളടങ്ങുന്ന വലിയൊരു പോലിസ് സേനയെ പ്രദേശത്ത് വിന്യസിച്ചു.

സമരത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഡല്‍ഹി മെട്രോ അധികൃതര്‍ ജാഫറാബാദ് സ്‌റ്റേഷന്‍ അടച്ചുപൂട്ടി. ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ സ്‌റ്റേഷന്‍ അടയ്ക്കുകയാണെന്ന് ഡല്‍ഹി മെട്രോ അധികൃതര്‍ ട്വീറ്റ് ചെയ്തു. ഇന്നു മുതല്‍ ഈ സ്‌റ്റേഷനില്‍ വണ്ടികള്‍ നിര്‍ത്തുകയോ പുറപ്പെടുകയോ ഇല്ല.

ശാഹീന്‍ബാഗ് മാതൃകയില്‍ ഈ പ്രതിഷേധവും വളരുന്നതിലുള്ള ആശങ്കയായിരിക്കാം പെട്ടെന്നുള്ള ആക്രമണത്തിനു പിന്നിലെന്ന് കരുതുന്നു.

ഇരുന്നോറോളം സ്ത്രീകളുടെ നേതൃത്വത്തില്‍ ആരംഭിച്ച സമരം ഇപ്പോള്‍ ദേശീയശ്രദ്ധ ആകര്‍ഷിച്ചുകഴിഞ്ഞു.

Tags:    

Similar News