പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം: ഡോ. കഫീല്‍ ഖാന്‍ മുംബൈയില്‍ അറസ്റ്റില്‍
മുംബൈയിലെത്തിയാണ് ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്. പൗരത്വ നിയമഭേദഗതിക്കെതിരേ ഡിസംബര്‍ 12ന് അലിഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗം പ്രകോപനപരമാണെന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.
ലഖ്‌നോ: പൗരത്വ ഭേദഗതി നിയമത്തിതിരേ നടന്ന പ്രതിഷേധത്തിനിടെ മതവിദ്വേഷപ്രസംഗം നടത്തിയെന്നാരോപിച്ച് ഡോ.കഫീല്‍ ഖാനെ ഉത്തര്‍പ്രദേശ് പോലിസ് അറസ്റ്റ് ചെയ്തു. മുംബൈയിലെത്തിയാണ് ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്. പൗരത്വ നിയമഭേദഗതിക്കെതിരേ ഡിസംബര്‍ 12ന് അലിഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗം പ്രകോപനപരമാണെന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. മതസ്പര്‍ധ വളര്‍ത്തിയെന്നാരോപിച്ച് 153 എ വകുപ്പുപ്രകാരമാണ് എഫ്‌ഐആര്‍ ചുമത്തിയിരിക്കുന്നതെന്ന് ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്തു. ഡോ. കഫീല്‍ ഖാനെ അറസ്റ്റുചെയ്ത വിവരം സഹാര്‍ പോലിസ് സ്റ്റേഷന്‍ ചുമതലയുള്ള ശശികാന്ത് മാനെ സ്ഥിരീകരിച്ചു. മുംബൈയിലെ പോലിസ് സ്റ്റേഷനില്‍ അദ്ദേഹത്തെ എത്തിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൗരത്വ ഭേദഗതി നിയമത്തിനെതിരേ വ്യാഴാഴ്ച മുംബൈയില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കഫീല്‍ ഖാന്‍. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ വിതരണം നിലച്ചതിനെത്തുടര്‍ന്ന് 60 ഓളം കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയ ദുരന്തത്തെത്തുടര്‍ന്നാണ് ഡോ. കഫീല്‍ ഖാനെ രാജ്യം അറിഞ്ഞത്. അന്ന് സ്വന്തം നിലയ്ക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയിലെത്തിച്ച് അദ്ദേഹം രക്ഷാപ്രവര്‍ത്തനം നടത്തി. എന്നാല്‍, സംഭവത്തില്‍ കഫീല്‍ഖാനെ പ്രതിയാക്കി യോഗി സര്‍ക്കാര്‍ ജയിലില്‍ അടച്ചത് വലിയ വിവാദമായിരുന്നു. ഒമ്പതുമാസത്തെ ജയില്‍ വാസവും രണ്ടുവര്‍ഷത്തെ സസ്‌പെന്‍ഷനും അനുഭവിച്ചശേഷമാണ് കഫീല്‍ ഖാന് ക്ലീന്‍ചിറ്റ് ലഭിച്ചത്.