നാല് വയസ്സുകാരികള്‍ പീഡിപ്പിക്കപ്പെട്ട സംഭവം; ബോംബെ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും
മുംബൈ: താനെയ്ക്കു സമീപം ബദ്‌ലാപൂരിലെ സ്‌കൂളില്‍ നാല് വയസ്സുള്ള രണ്ട് പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ബോംബെ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെയും പൃഥ്വിരാജ് ചവാനും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ ഉള്‍പ്പെട്ടതായി ആരോപിക്കപ്പെടുന്ന 23കാരനായ ശുചീകരണ തൊഴിലാളിക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി നഗരത്തിലുടനീളം വന്‍ പ്രതിഷേധം നടക്കുന്നുണ്ട്. ആഗസ്ത് 17ന് അറസ്റ്റിലായ അക്ഷയ് ഷിന്‍ഡെ സ്‌കൂളിലെ ടോയ്‌ലറ്റില്‍ വച്ച് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.
അതിനിടെ, പ്രീ പ്രൈമറി വിദ്യാര്‍ഥിനികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്താന്‍ മുതിര്‍ന്ന ഐപിഎസ് ഓഫിസര്‍ ആരതി സിങിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചിട്ടുണ്ട്. എഫ് ഐആര്‍ രജിസ്റ്റര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ലോക്കല്‍ പോലിസ് സ്‌റ്റേഷനില്‍ 11 മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നതും പ്രതിഷേധത്തിന് ആക്കംകൂട്ടി. സംഭവത്തില്‍ മൂന്ന് പോലിസുകാരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സ്‌കൂളിനെതിരേ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ ഉറപ്പുനല്‍കിയിട്ടുണ്ട്. കേസ് അതിവേഗം അന്വേഷിക്കുമെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.