ധാരാവി ചേരി പുനര്‍വികസന പദ്ധതി; ലക്ഷകണക്കിന് ജനങ്ങളെ മാറ്റിപാര്‍പ്പിക്കുന്നത് മുംബൈയിലെ ഏറ്റവും വലിയ മാലിന്യകുപ്പയിലേക്ക്: റിപോര്‍ട്ട്

ന്യൂഡല്‍ഹി: 50,000 മുതല്‍ ഒരു ലക്ഷം വരുന്ന നിവാസികളെ മുംബൈയിലെ ഏറ്റവും വലിയ മാലിന്യകുപ്പകളിലൊന്നായ ദിയോനാര്‍ ലാന്‍ഡ്ഫില്ലില്‍ പുനരധിവസിപ്പിക്കാനുള്ള നിര്‍ദേശം അംഗീകരിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. അദാനി ഗ്രൂപ്പും മഹാരാഷ്ട്ര സര്‍ക്കാറും സംയുക്തമായാണ് ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്പാണ് ധാരാവി ചേരി പുനര്‍വികസന പദ്ധതി പ്രകാരം ഈ പദ്ധതി അദാനി ഗ്രൂപ്പ് മുന്നോട്ട് വക്കുന്നത്.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (സിപിസിബി) പാരിസ്ഥിതിക മാനദണ്ഡങ്ങളും മാര്‍ഗനിര്‍ദേശങ്ങളും മുഖവിലക്കെടുക്കാതെയാണ് വലിയൊരു വിഭാഗം ജനങ്ങളെ സര്‍ക്കാര്‍ ദുരിതക്കയത്തിലേക്ക് തള്ളിയിടുന്നത്. വികസന പദ്ധതികള്‍ക്കായുള്ള കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ 2021 ലെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്, ആശുപത്രികള്‍, ഭവനങ്ങള്‍, സ്‌കൂളുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ലാന്‍ഡ്ഫില്ലിനുള്ളില്‍ നിര്‍മ്മിക്കാന്‍ കഴിയില്ല എന്നതാണ് വസ്തുത.
വിഷവാതകങ്ങള്‍ കൊണ്ടും മാലിന്യക്കൂമ്പാരങ്ങളില്‍ നിന്ന് പുറത്തേക്ക് ഒഴുകുന്ന ദ്രാവകം കൊണ്ടും വിഷലിപ്തമായ ഒരു സജീവ മാലിന്യക്കൂമ്പാരമാണ് ദിയോണര്‍. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പ്രിന്‍സിപ്പല്‍ ബെഞ്ചിന് സമര്‍പ്പിച്ച കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ 2024 ലെ റിപോര്‍ട്ട് അനുസരിച്ച്, ദിയോണര്‍ ലാന്‍ഡ്ഫില്ലില്‍ നിന്ന് ഓരോ മണിക്കൂറിലും ശരാശരി 6,202 കിലോഗ്രാം മീഥേന്‍ പുറന്തള്ളപ്പെടുന്നു, ഇത് ഇന്ത്യയിലെ ഏറ്റവും വലിയ 22 മീഥേന്‍ ഹോട്ട്സ്പോട്ടുകളില്‍ ഒന്നാണ്.അതുകൊണ്ടാണ്, ധാരാവിയിലെ താമസക്കാരെ ദിയോണര്‍ മാലിന്യക്കുപ്പയിലേക്ക് മാറ്റാനുള്ള സംസ്ഥാനത്തിന്റെ തീരുമാനം വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതും.

600 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ചേരികളും ഫാക്ടറികളുമടങ്ങുന്ന ധാരാവിയിലെ 296 ഏക്കര്‍ സ്ഥലമാണ് ധാരാവി പുനര്‍വികസന പദ്ധതിക്കായി (ഡിആര്‍പി) നീക്കിവച്ചിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയെ മെച്ചപ്പെട്ട ഭവനങ്ങളും സൗകര്യങ്ങളുമുള്ള ഒരു ആധുനിക നഗര കേന്ദ്രമാക്കി മാറ്റുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്നാണ് അദാനി ഗ്രൂപ്പിന്റെ വാദം. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ എസ്വിആര്‍ ശ്രീനിവാസാണ് പദ്ധതിയുടെ സിഇഒ. അദാനി എന്റര്‍പ്രൈസസിന്റെ ബോര്‍ഡിലെ ഡയറക്ടര്‍ കൂടിയായ പ്രണവ് അദാനി ഉള്‍പ്പെടെ എന്‍എംഡിപിഎല്ലിന്റെ ബോര്‍ഡില്‍ മറ്റ് ഒമ്പത് ഡയറക്ടര്‍മാരുണ്ട്.
ധാരാവി പുനരധിവാസ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2025 ന്റെ രണ്ടാം പകുതിയോടെ ആരംഭിക്കുമെങ്കിലും, ധാരാവിക്കകത്തും പുറത്തുമുള്ള താമസക്കാരെ പുനരധിവസിപ്പിക്കുന്നതിന് എന്‍എംഡിപിഎല്ലിന് ഏഴ് വര്‍ഷത്തെ സമയപരിധിയുണ്ടെന്ന് ശ്രീനിവാസ് പറഞ്ഞു. യോഗ്യരും അയോഗ്യരും എന്നിങ്ങനെ ധാരാവി പദ്ധതിയുടെ ഗുണഭോക്താക്കളെ രണ്ട് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. 50,000 മുതല്‍ ഒരു ലക്ഷം പേര്‍ക്ക് ദിയോണര്‍ ഡമ്പില്‍ താമസ സൗകര്യം നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം.
മുംബൈയിലെ ഭൂമിയുടെ അപര്യാപ്തത കണക്കിലെടുക്കുമ്പോള്‍, വികസനത്തിനായി വലിയ ഭൂമി ലഭിക്കുക എന്നത് പ്രയാസകരമായ കാര്യമാണ് എന്ന് ഡിആര്‍പി സിഇഒ ശ്രീനിവാസ് പറഞ്ഞു. ധാരാവി പുനര്‍വികസന പദ്ധതിക്ക് ഏകദേശം 200-300 ഏക്കര്‍ ഭൂമി ആവശ്യമാണ്. അതിനാല്‍, പരിമിതികള്‍ കണക്കിലെടുത്ത് ഞങ്ങള്‍ ദിയോണര്‍ ലാന്‍ഡ്ഫില്‍ തിരഞ്ഞെടുക്കുകയായിരുന്നെന്ന് ശ്രീനിവാസ് പറയുന്നു.
സംസ്ഥാന സര്‍ക്കാരും ചേരി പുനരധിവാസ അതോറിറ്റിയും (എസ്ആര്‍എ) പറയുന്നത്, എന്‍എംഡിപിഎല്‍ ആണ് സ്ഥലം തിരഞ്ഞെടുത്തത് എന്നാണ്.ഭൂമി തിരഞ്ഞെടുക്കുന്നതിനും അനുവദിക്കുന്നതിനുമുള്ള തീരുമാനം സര്‍ക്കാര്‍ തലത്തിലല്ല, മറിച്ച് പ്രോജക്ട് അതോറിറ്റികളുടെ തലത്തിലാണ് എടുക്കുന്നത്, അതിനാല്‍ ഡിആര്‍പിപിഎല്‍ സിഇഒ എസ്വിആര്‍ ശ്രീനിവാസ് ഉന്നയിച്ച ആവശ്യത്തെ അടിസ്ഥാനമാക്കി മാത്രമാണ് തങ്ങള്‍ നിര്‍ദേശം അംഗീകരിച്ചതെന്ന് ഭവന വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വല്‍സ നയ്യാര്‍ സിങ് പറഞ്ഞു.
ഈ പദ്ധതിക്കായി ദിയോണറിലെ അപകടകരമായ ഒരു മാലിന്യക്കൂപ്പ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചതിന് ഇതുവരെയായും അദാനി ഗ്രൂപ്പ് ഒരു മറുപടിയും നല്‍കിയിട്ടില്ല.
മുമ്പ് ഈ ഭൂമി മാലിന്യം തള്ളാനുള്ള സ്ഥലമായി ഉപയോഗിച്ചിരുന്നതിനാല്‍, അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ സ്ഥലം വൃത്തിയാക്കുന്നതിനുള്ള ഉചിതമായ നടപടികള്‍ സ്വീകരിക്കും എന്ന് എന്‍എംഡിപിഎല്ലിന്റെ ഭൂമി ഏറ്റെടുക്കല്‍ വിഭാഗം മേധാവി 2024 ഏപ്രിലില്‍ മുംബൈ ഡെപ്യൂട്ടി കലക്ടര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
ധാരാവി പദ്ധതിയുടെ നിര്‍മ്മാണത്തിന് ആവശ്യമായ എല്ലാ പാരിസ്ഥിതിക അനുമതികളും സ്വീകരിക്കും എന്ന് ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ ഓഫിസും പറഞ്ഞു. എന്നാല്‍ ഇതുവരെയായും സര്‍ക്കാരോ കമ്പനിയോ പ്രസ്തുത പദ്ധതിക്കായി ഭൂമി അനുവദിക്കുന്നതിന് മുമ്പ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുമായി കൂടിയാലോചിച്ചിട്ടില്ല എന്നതാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.
20,000 ചതുരശ്ര മീറ്ററില്‍ (49.4 ഏക്കര്‍) കൂടുതലോ അതില്‍ കൂടുതലോ വിസ്തീര്‍ണ്ണമുള്ള ഏതൊരു വികസനം നടത്തുന്നതിന് മുമ്പും പരിസ്ഥിതി അനുമതി നേടണമെന്ന ഔദ്യോഗിക മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടെന്നിരിക്കെയാണ് ഒരു സര്‍ക്കാര്‍ ഒരു പറ്റം മനുഷ്യരെ പുഴുക്കള്‍ കണക്കെ മാലിന്യകുപ്പയിലേക്ക് വലിച്ചെറിയുന്നത്.