''സംഘപരിവാര്‍ വിദ്വേഷ പ്രചാരണങ്ങളിലൂടെ വിഷം വമിപ്പിക്കുന്നു''; ജനശ്രദ്ധപിടിച്ചുപറ്റി ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെമിനാര്‍

Update: 2021-12-13 14:54 GMT

അല്‍ ഖോബാര്‍: ബാബരി മസ്ജിന്റെ ധ്വംസനത്തിന് ശേഷം ഇരുപത്തൊന്‍പത് വര്‍ഷം പൂര്‍ത്തിയായ വേളയില്‍ 'അനീതിയോട് രാജിയില്ല' എന്ന തലക്കെട്ടില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം തുഖ്ബ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച സെമിനാര്‍ ശ്രദ്ധേയമായി. വിദ്വേഷ പ്രചാരണങ്ങളിലൂടെ രാജ്യമൊട്ടുക്കും വിഷം വമിപ്പിക്കുകയാണ് സംഘപരിവാര്‍ ചെയ്ത് കൊണ്ടിരിക്കുന്നതെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു.

ജനാധിപത്യ ഇന്ത്യ അതിഗുരുതരമായ രീതിയില്‍ വര്‍ഗീയ വല്‍ക്കരിക്കപ്പെടുമ്പോള്‍ മതേതര പാര്‍ട്ടികള്‍ പുലര്‍ത്തുന്ന മൗനം ഇരകളാക്കപ്പെടുന്ന ഭൂരിഭാഗം ജനങ്ങളുടെയും പ്രതീക്ഷ നഷ്ടപ്പെടുകയാണെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഡെല്‍ഹി സോണ്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫഹീം അഭിപ്രായപ്പെട്ടു.

ദമ്മാം മീഡിയാ ഫോറം ജനറല്‍ സെക്രട്ടറി സിറാജുദീന്‍ വെഞ്ഞാറമൂട് മുഖ്യ പ്രഭാഷണം നടത്തി.

രാജ്യത്തിന്റെ പരമോന്നത നീതിപീഠം അന്തിമവിധിയിലൂടെ തീര്‍പ്പാക്കിയ വിഷയത്തിന്മേല്‍ ഇന്നും നീതിക്കായി ഒരു സമൂഹത്തിന് പോരാടേണ്ടി വരുന്നു എന്നത് അത്യന്തം വേദനാജനകമാണ്.

ബാബരിയില്‍ തുടങ്ങിയ അവകാശവാദം യുപിയിലെ ഷാഹി മസ്ജിദ് ഉള്‍പ്പെടെ ആയിരക്കണക്കിന് പള്ളികളിലേക്ക് വ്യാപിച്ചിരിക്കുകയാണ്.

ന്യൂനപക്ഷങ്ങളുടെ ആരാധനാലങ്ങള്‍ മാത്രമല്ല മനുഷ്യന്റെ ജീവനും സ്വത്തിനും സംഘപരിവാര്‍ തുടരുന്ന ഭീഷണി വലിയ അപകടാവസ്ഥയിലേക്കാണ് രാജ്യത്തെ എത്തിച്ചിരിക്കുന്നത്. അവകാശങ്ങള്‍ക്കായി സംഘടിക്കാനും നിലനില്‍പിനുവേണ്ടി ജനാധിപത്യപരമായി പോരാടാനുമുള്ള സമരമനോഭാവം ജങ്ങളിലുണ്ടാകുകയാണ് പരിഹാരമെന്ന് സിറാജുദ്ദീന്‍ പറഞ്ഞു.

സോഷ്യല്‍ ഫോറം ജുബൈല്‍ സ്‌റ്റേറ്റ് പ്രസിഡന്റ് അബ്ദുറഹീം വടകര അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഒഐസിസി അല്‍ ഖോബാര്‍ ഏരിയ ജനറല്‍ സെക്രട്ടറി സക്കിര്‍ പറമ്പില്‍, പ്രവാസി റിജനല്‍ കമ്മിറ്റി മെമ്പര്‍ നൗഫര്‍, പി സി എഫ് അല്‍ഖോബാര്‍ സെക്രട്ടറി

ബദറുദീന്‍, സോഷ്യല്‍ ഫോറം ജുബൈല്‍ സ്‌റ്റേറ്റ് സെക്രട്ടറി അന്‍സാര്‍ കോട്ടയം എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

തുഖ്ബ ബ്ലോക്ക് പ്രസിഡന്റ് ഷാജിദ് കണ്ണൂര്‍ സ്വാഗതം ആശംസിച്ച യോഗത്തില്‍ മൂസാന്‍ പൊന്മള നന്ദി പ്രകാശിപ്പിച്ചു.

സോഷ്യല്‍ ഫോറം ഖോബാര്‍, തുഖ്ബ ബ്ലോക്കുകള്‍ പുറത്തിറക്കിയ പുതിയ വര്‍ഷത്തിലേക്കുള്ള കലണ്ടറുകളും പ്രകാശനം ചെയ്തു. മന്‍സൂര്‍ പൊന്നാനി, നിസാര്‍ ചെറുവാടി, ബഷീര്‍ വയനാട്, നിഷാദ് കൊല്ലം എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    

Similar News