അഡ്വ.ബിന്ദു അമ്മിണിയ്‌ക്കെതിരെ സംഘപരിവാര്‍ അക്രമം; ഐക്യദാര്‍ഢ്യ സമിതി മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി
പ്രതിഷേധ മാര്‍ച്ച് പ്രമുഖ പരിസ്ഥിതി-സമൂഹിക പ്രവര്‍ത്തക പ്രഫ. കുസുമം ജോസഫ് ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: സാമൂഹ്യ പ്രവര്‍ത്തകയും അധ്യാപികയുമായ അഡ്വ. ബിന്ദു അമ്മിണിക്കു നേരെ തുടര്‍ച്ചയായി നടക്കുന്ന സംഘപരിവാര്‍ ആക്രമണങ്ങള്‍ക്കും പോലിസ് തുടരുന്ന ബോധപൂര്‍വ്വമായ അനാസ്ഥയ്ക്കുമെതിരെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തി. ബിന്ദു അമ്മിണി ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് പ്രമുഖ പരിസ്ഥിതി സമൂഹിക പ്രവര്‍ത്തക പ്രഫ. കുസുമം ജോസഫ് ഉദ്ഘാടനം ചെയ്തു.
ശബരിമല സ്ത്രീ പ്രവേശനം കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിന്റെ തുടര്‍ച്ചയാണ്. ആ തുടര്‍ച്ച അവകാശപ്പെടാന്‍ അര്‍ഹതയുള്ള ബിന്ദു അമ്മിണിക്കു നേരെ തുടര്‍ച്ചയായ അക്രമണം നടക്കുന്നത് കേരളത്തിലെ അഭ്യന്തര വകുപ്പിന്റെ തികഞ്ഞ പരാജയമാണ്. അക്രമികളെ അറസ്റ്റു ചെയ്ത് നിയമനടപടിക്ക് വിധേയമാക്കാതിരിക്കുന്നത് അക്രമത്തിന് നല്‍കുന്ന മൗനാനുവാദമായി വിലയിരുത്തപ്പെടുകയാണെന്നും പ്രഫ. കുസുമം ജോസഫ് പറഞ്ഞു. ഡോ.സോണിയ ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു.
വെള്ളയമ്പലം അക്കമ്മ ചെറിയാന്‍ പാര്‍ക്കിന് സമീപത്ത് നിന്നാരംഭിച്ച മാര്‍ച്ച് ദേവസ്വം ബോര്‍ഡ് ജങ്ഷനില്‍ പോലിസ് തടഞ്ഞു. തുടര്‍ന്ന് ശ്രീജ നെയ്യാറ്റിന്‍കര, എം സുല്‍ഫത്ത്, ശീതള്‍ ശ്യാം, എംകെ ദാസന്‍, കെ വേണുഗോപാല്‍, സബീന ലുക്മാന്‍,ടിഎസ് പ്രദീപ്, സീറ്റ ദാസന്‍ എന്നിവര്‍ സംസാരിച്ചു.