ബിന്ദുഅമ്മിണിക്കെതിരായ ആക്രമണം: അധമ മനോഭാവം വെച്ചു പുലര്‍ത്തുന്നത് മനുസ്മ്യതി നടപ്പാക്കാന്‍ ശ്രമിക്കുന്നവരെന്ന് പി കെ ശ്രീമതി

Update: 2022-01-06 16:56 GMT

കോഴിക്കോട്: ബിന്ദു അമ്മിണി തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്നു എന്നു കേള്‍ക്കുന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണെന്ന് സിപിഎം നേതാവ് പി കെ ശ്രീമതി ടീച്ചര്‍. 'ഇന്നലെ അവര്‍ ആക്രമിക്കപ്പെട്ട ദ്യശ്യം കണ്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഷോക്കായിപോയി.

അക്രമിയുടെ ഭാര്യ ഭര്‍ത്താവിനെ ന്യായീകരിക്കാന്‍ പറയുന്ന കാര്യങ്ങള്‍ വസ്തുത അല്ല എന്നത് വീഡിയോ ദ്യശ്യം വ്യക്തമാക്കുന്നു.

സ്ത്രീയെ എന്തും എവിടേയും വെച്ചും ചെയ്യാമെന്ന ഈ അധമ മനോഭാവം വെച്ചു പുലര്‍ത്തുന്നത്

ഇന്ത്യയില്‍ ചാതുര്‍വര്‍ണ്യ വ്യവസ്ഥയും മനുസ്മ്യതിയുടെ പ്രത്യയശാസ്ത്രവും നടപ്പിലാക്കാന്‍ ശ്രമിക്കുന്നശക്തികളാണു'. ശ്രീമതി ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ബിന്ദു അമ്മിണി ലോ കോളേജിലെ ആദ്ധ്യാപികയാണു. അവര്‍ക്ക് അവരുടേതായ നിലപാടുകളുണ്ട്. ബിന്ദു അമ്മിണിക്ക് അവരുടെ നിലപാടിനനുസരിച്ച് ജീവിക്കാനുള്ള അവകാശം ഈ രാജ്യത്ത് ഇല്ലെന്നോ? അവര്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്നു എന്നു കേള്‍ക്കുന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരവുംപ്രതിഷേധാര്‍ഹവുമാണു

ഇന്നലെ അവര്‍ ആക്രമിക്കപ്പെട്ട ദ്യശ്യം കണ്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഷോക്കായിപോയി.

അക്രമിയുടെ ഭാര്യ ഭര്‍ത്താവിനെ ന്യായീകരിക്കാന്‍ പറയുന്ന കാര്യങ്ങള്‍ വസ്തുത അല്ല എന്നത് വീഡിയോ ദ്യശ്യം വ്യക്തമാക്കുന്നു.

സ്ത്രീയെ എന്തും എവിടേയും വെച്ചും ചെയ്യാമെന്ന ഈ അധമ മനോഭാവം വെച്ചു പുലര്‍ത്തുന്നത്

ഇന്ത്യയില്‍ ചാതുര്‍വര്‍ണ്യ വ്യവസ്ഥയും മനുസ്മ്യതിയുടെ പ്രത്യയശാസ്ത്രവും നടപ്പിലാക്കാന്‍ ശ്രമിക്കുന്നശക്തികളാണു.

മനുസ്മൃതിയുടെ ഒമ്പതാം അധ്യായത്തില്‍ പുരുഷന്‍ സ്ത്രീയെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് വിശദീകരിച്ചിരിക്കുന്നത് ഇന്നത്തെ യുവതലമുറയെ അമ്പരപ്പിക്കും.

ഒമ്പതാം അധ്യായത്തിലെ രണ്ടാം ശ്ലോകത്തില്‍ 'ഇരവു പകല്‍ സ്ത്രീകള്‍ അവരുടെ പുരുഷന്മാരാല്‍ സ്വാധീനകളാക്കി വെക്കപ്പെടേണ്ടതാണ് എന്നും രൂപ രസാദി വിഷയങ്ങളില്‍ ആസക്തകളായ അവരെ പുരുഷന്മാര്‍ തങ്ങള്‍ക്ക് അധീനകളാക്കി നിര്‍ത്തേണ്ടതാകുന്നു.' എന്ന് പറഞ്ഞതിനു ശേഷമാണ് കുപ്രസിദ്ധമായ ന:സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന പ്രയോഗം വരുന്നത്. ' കൗമാരത്തില്‍ പിതാവിനാലും യൗവനത്തില്‍ ഭര്‍ത്താവിനാലും വാര്‍ദ്ധക്യത്തില്‍ പ്രബലരായ പുത്രന്മാരാലും സംരക്ഷിക്കപ്പെടേണ്ടവരാണ് സ്ത്രീകള്‍. ഒരു സ്ത്രീയും സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല' എന്നാണ് മനുസ്മ്യതി വ്യക്തമാക്കുന്നത്. ' സ്വഭാവശുദ്ധിയുള്ളവരായ സ്ത്രീകള്‍ പലരുണ്ടെങ്കിലും അവര്‍ സാക്ഷികളാകാന്‍ യോഗ്യരല്ല; എന്തെന്നാല്‍ അവര്‍ സ്ഥിരബുദ്ധികളല്ല '

എന്നും മനുസ്മൃതി തന്നെ പറയുന്നുണ്ട്. ഒരു സംഭവം കണ്ടാല്‍ സാക്ഷി പറയാന്‍ പോലും മനുസ്മൃതി സ്ത്രീകളെ അനുവദിച്ചിരുന്നില്ല. സഹസ്രാബ്ദങ്ങളായി ഇന്ത്യയില്‍ ആധിപത്യം നേടിയെടുത്ത ഈ അധമ സംസ്‌ക്കാരത്തിനെതിരെ സ്ത്രീ സമൂഹം അവരുടെ സ്വതന്ത്രവും മൗലികവുമായ ഭരണ ഘടനാവകാശത്തിനുവേണ്ടി വീറോടെ പൊരുതുന്ന കാലമാണിത്.

മനുവിന്റെ പ്രത്യയശാസ്ത്രം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഇത്തരം പ്രേത ബാധിതരുടെ നിന്ദ്യവും ഹീനവുമായ ആക്രമണം സാന്ദര്‍ഭികമായി ഉണ്ടായതാണു എന്നു ആരെങ്കിലും കരുതിയെങ്കില്‍ അവര്‍ക്ക് തെറ്റി. വളരെ ആസൂത്രിതമായാണു ഈ കാടന്‍ ആക്രമണം ബിന്ദു അമ്മിണിക്കു നേരെ ഉണ്ടായത്. ഒരു വനിതയെ ഈ രൂപത്തില്‍ ആക്രമിക്കുന്നത് തടയാന്‍ പോലും ശ്രമിക്കാതെ വീഡിയോയില്‍ റിക്കോര്‍ഡ് ചെയ്യുന്നവരുടെ മനോഭാവത്തിനു ഉളുപ്പില്ലായ്മ എന്നല്ലാതെ എന്ത് പറയാന്‍. അല്‍പം വൈകിയാണെങ്കില്‍ പോലും പൊലീസ് അക്രമിയുടെ പേരില്‍ ജാമ്യമില്ലാത്ത കേസ് ചുമത്തിയത് സ്വാഗതാര്‍ഹമാണു.

ബിന്ദുവിനെ ആക്രമിച്ച കുറ്റവാളിക്ക് മാത്യകാപരമായ ശിക്ഷ ലഭിച്ചാല്‍ മാത്രമേ ഇത്തരം നീച സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കൂ.

Full View

Tags:    

Similar News