മുഖം മറച്ച് വോട്ട് ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് പി കെ ശ്രീമതി

ശരീരമാകെ മറച്ചിരിക്കുന്നതിനാല്‍ ആണോ പെണ്ണോ എന്ന് പോലും തിരിച്ചറിയാനാവില്ല. കള്ളവോട്ട് തടയാനാണ് എം വി ജയരാജന്‍ ഇതിനെതിരെ പ്രതികരിച്ചതെന്നും മതപരമായ അധിക്ഷേപമല്ലെന്നും ശ്രീമതി പറഞ്ഞു.

Update: 2019-05-18 05:23 GMT

കണ്ണൂര്‍: വോട്ടര്‍ പട്ടികയില്‍ ഫോട്ടോ നല്‍കി മുഖം മറച്ച് വോട്ട് ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് കണ്ണൂര്‍ ലോക്‌സഭാ സ്ഥാനാര്‍ത്ഥി പി കെ ശ്രീമതി. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ വിവാദ പ്രസ്താവനയെ ന്യായീകരിച്ചാണ് ശ്രീമതി ടീച്ചര്‍ രംഗത്തെത്തിയത്. ശരീരമാകെ മറച്ചിരിക്കുന്നതിനാല്‍ ആണോ പെണ്ണോ എന്ന് പോലും തിരിച്ചറിയാനാവില്ല.


കള്ളവോട്ട് തടയാനാണ് എം വി ജയരാജന്‍ ഇതിനെതിരെ പ്രതികരിച്ചതെന്നും മതപരമായ അധിക്ഷേപമല്ലെന്നും ശ്രീമതി പറഞ്ഞു. കള്ളവോട്ട് ആര് ചെയ്താലും അംഗീകരിക്കാനാകില്ലെന്നും ശ്രീമതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.

പാമ്പുരുത്തിയിലും പുതിയങ്ങാടിയിലും പര്‍ദ്ദയിട്ടു വന്നവര്‍ യുഡിഎഫിന് വേണ്ടി കള്ള വോട്ട് ചെയ്‌തെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ആരോപിച്ചിരുന്നു. വോട്ട് ചെയ്യാന്‍ ക്യൂവില്‍ നില്‍ക്കുമ്പോള്‍ തന്നെ മുഖപടം മാറ്റണമെന്നും ക്യാമറയില്‍ മുഖം കൃത്യമായി പതിയുന്ന തരത്തില്‍ മാത്രമേ വോട്ടു ചെയ്യാന്‍ അനുവദിക്കാവൂ എന്നും ജയരാജന്‍ കണ്ണൂരില്‍ ആവശ്യപ്പെട്ടു. ഇതുപോലെ വോട്ടെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ തയ്യാറുണ്ടോ എന്നും ജയരാജന്‍ വെല്ലുവിളിച്ചു.

ഈ നിര്‍ദേശം നടപ്പിലാക്കിയാല്‍ യുഡിഎഫ് ജയിക്കുന്ന എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫ് ജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പോളിങ് ബൂത്തില്‍ കയറിയാല്‍ അവിടെ ഒന്നുങ്കില്‍ വെബ് കാമറ അല്ലെങ്കില്‍ വീഡിയോ, ആ ദൃശ്യത്തിന്റെ മുമ്പാകെ മുഖപടം പൂര്‍ണമായും മാറ്റി കൊണ്ട് അവിടെ വോട്ടു ചെയ്യാന്‍ എത്തുന്നവരെ അനുവദിക്കുമോ, ഇതാണ് നാടിനു അറിയേണ്ടത്.

അങ്ങനെ വന്നാല്‍ കള്ളവോട്ട് പൂര്‍ണമായും തടയാന്‍, പുതിയങ്ങാടിയിലും പാമ്പുരുത്തിയിലും കഴിയും. കള്ളവോട്ട് പൂര്‍ണമായും തടഞ്ഞാല്‍ ആ ബൂത്തില്‍ അടക്കം ഇടതുപക്ഷത്തിന്റെ വോട്ടു വര്‍ധിക്കും. യുഡിഎഫിന്റെ വോട്ടു കുറയുമെന്നും ജയരാജന്‍ പറഞ്ഞു. ജയരാജന്റെ പ്രസ്താവന വിവാദമായതോടെയാണ് ന്യായീകരണവുമായി ശ്രീമതി ടീച്ചര്‍ രംഗത്തെത്തിയത്.

Tags:    

Similar News