സന്തോഷ് ട്രോഫി മത്സരം മലപ്പുറത്ത് വന്‍ ആഘോഷമാക്കും: മന്ത്രി വി അബ്ദുറഹിമാന്‍,ഭാഗ്യ ചിഹ്‌നം പ്രകാശനം ചെയ്തു
ഏപ്രില്‍ 16 മുതല്‍ മെയ് രണ്ട് വരെ മഞ്ചേരി പയ്യനാട് സ്‌റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്‌റ്റേഡിയം എന്നിവിടങ്ങളിലായാണ് സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടക്കുന്നത്
മലപ്പുറം:സന്തോഷ് ട്രോഫി മത്സരം ജില്ലയില്‍ ആഘോഷമായി നടത്തുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. മത്സരത്തിന്റെ തൊട്ടടുത്ത ദിവസങ്ങളിലായി ജനങ്ങളില്‍ കാല്‍പ്പന്തുകളിയുടെ ആവേശമുണര്‍ത്താന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രചരണ വാഹനങ്ങള്‍ എത്തുമെന്നും മത്സരത്തിന്റെ തലേ ദിവസം മുന്‍ കാല താരങ്ങള്‍ക്കുള്ള ആദരമായി സന്തോഷ് ട്രോഫി മത്സരത്തില്‍ പങ്കെടുത്ത ടീമുകള്‍ തമ്മില്‍ സൗഹൃദ മത്സരം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.മലപ്പുറം കലക്ടറേറ്റില്‍ സന്തോഷ് ട്രോഫി ഭാഗ്യ ചിഹ്‌നം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സന്തോഷ് ട്രോഫി മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഏറ്റവും മികച്ച ഷോട്ടുകള്‍ കണ്ടെത്തുന്ന വിഷ്വല്‍ മീഡിയയ്ക്കും മന്ത്രി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കായിക മേഖലയെ ശാക്തീകരിക്കാനുള്ള നടപടികള്‍ തുടരുകയാണെന്നും അഞ്ച് ലക്ഷം സ്‌കൂള്‍ കുട്ടികളെ മുന്‍ കാല താരങ്ങള്‍ ഫുട്‌ബോള്‍ പരിശീലിപ്പിക്കുന്ന വണ്‍ മില്യന്‍ ഗോള്‍ പദ്ധതി സന്തോഷ് ട്രോഫിയ്ക്ക് ശേഷം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
പ്രകാശന പരിപാടിയില്‍ പി ഉബൈദുള്ള എംഎല്‍എ അധ്യക്ഷനായി. ജില്ല ആതിഥ്യമരുളുന്ന സന്തോഷ് ട്രോഫി മത്സരത്തിന്റെ വിജയത്തിനായി എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് എംഎല്‍എ പറഞ്ഞു. മലപ്പുറം എംഎസ്പി കമാന്ററായിരുന്ന അന്തര്‍ദേശീയ ഫുട്‌ബോളര്‍ യു ഷറഫലി, മുന്‍ ജില്ലാ പോലിസ് മേധാവിയും ദേശീയ ഫുട്‌ബോളറുമായ യു അബ്ദുള്‍ കരീം, ദേശീയ ഫുട്‌ബോളര്‍ സക്കീര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എ ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് വി പി അനില്‍, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പ്രൊഫ.പി അഷ്‌റഫ്, സെക്രട്ടറി ഡോ.പി എം സുധീര്‍ കുമാര്‍, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റംഗം അഡ്വ. ടോം കെ തോമസ്, പി അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു. എ.ഡി.എം എന്‍ എം മെഹറലി സ്വാഗതവും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി എച്ച് പി അബ്ദുള്‍ മഹ്‌റൂഫ് നന്ദിയും പറഞ്ഞു.
ഏപ്രില്‍ 16 മുതല്‍ മെയ് രണ്ട് വരെ മഞ്ചേരി പയ്യനാട് സ്‌റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്‌റ്റേഡിയം എന്നിവിടങ്ങളിലായാണ് സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടക്കുന്നത്. മത്സരത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ തുടരുകയാണ്. തൃശൂര്‍ കേച്ചേരി സ്വദേശിയായ വി ജെ പ്രദീപ് കുമാറാണ് സന്തോഷ് ട്രോഫി ഭാഗ്യ ചിഹ്‌നം രൂപകല്‍പ്പന ചെയ്തത്. ഇദ്ദേഹത്തിന് 50000 രൂപ ക്യാഷ് അവാര്‍ഡ് നല്‍കും.