മലപ്പുറം; സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറ് വരെ മലപ്പുറത്തു നടക്കും. മത്സരത്തിന്റെ ഭാഗ്യചിഹ്നത്തിന് രൂപകല്‍പന ചെയ്യാന്‍ അവസരം. കേരളത്തെയും സന്തോഷ് ട്രോഫിയെയും അടയാളപ്പെടുത്തുന്നതായിരിക്കണം ചിഹ്നം. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, കലാകാരന്‍മാര്‍, പൊതുജനങ്ങള്‍ തുടങ്ങി എല്ലാവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.
ഭാഗ്യ ചിഹ്നത്തിന്റെ വ്യക്തതയോടു കൂടിയുള്ള (jpeg, png, pdf) ചിത്രം ജനുവരി 21 വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് മുമ്പായി മലപ്പുറം സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നേരിട്ടോ santosthrophymalappuram@gmail.com എന്ന മെയിലിലോ അയക്കാം. അയക്കുന്നവര്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറും വിലാസവും ഉള്‍പ്പെടുത്തണം. വിജയിക്ക് ആകര്‍ഷകമായ സമ്മാനം നല്‍കുമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍ അറിയിച്ചു.
75 ാമത് സന്തോഷ് ട്രോഫിയുടെ പ്രചരണാര്‍ത്ഥം കേരളത്തിലെ സന്തോഷ് ട്രോഫി താരങ്ങളെയും മലപ്പുറം ജില്ലയിലെ ജൂനിയര്‍, സബ് ജൂനിയര്‍ താരങ്ങളെയും ഉള്‍പ്പെടുത്തി സൗഹൃദ മത്സരങ്ങള്‍ സംഘടിപ്പിക്കും. ചാമ്പ്യന്‍ഷിപ്പുമായി ബന്ധപ്പെടുത്തി പ്രമോ വീഡിയോ, തീം സോങ് എന്നിവ തയ്യാറാക്കുന്നതോടൊപ്പം ലക്ഷം ഗോള്‍ മത്സരവും സംഘടിപ്പിക്കും.