സൗദി: അല്‍ അസീറില്‍ മലവെള്ളപ്പാച്ചില്‍; ഒഴുക്കില്‍പ്പെട്ട കുട്ടിയെ രക്ഷപ്പെടുത്തി
ശക്തമായ മലവെള്ളപ്പാച്ചിലിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി ആമിര്‍ ബിന്‍ മൂസ ഇറങ്ങുന്നത് മറ്റുള്ളവര്‍ എതിര്‍ക്കുകയും തടയുകയും ചെയ്‌തെങ്കിലും ഇത് വകവെക്കാതെയായിരുന്നു രക്ഷാപ്രവര്‍ത്തനം.
അബഹ: സൗദിയിലെ അസീര്‍ പ്രവിശ്യയില്‍ പെട്ട അഹദ് തര്‍ബാനിലെ വാദി അഅ്ശാറില്‍ ശക്തമായ മഴവെള്ളപ്പാച്ചിലില്‍ കുടുങ്ങിയ കുട്ടിയെ സൗദി യുവാവ് സാഹസികമായി രക്ഷിച്ചു. താഴ്‌വരയുടെ കരയില്‍ നിന്ന് മലവെള്ളപ്പാച്ചില്‍ വീക്ഷിക്കുന്നതിനിടെ കരയിടിഞ്ഞ് എല്ലാവരും വെള്ളത്തില്‍ പതിക്കുകയായിരുന്നു. പതിനാറുകാരനായ കുട്ടി ഒഴികെ എല്ലാവരും വെള്ളത്തില്‍ നിന്ന് കരക്കു കയറി. എന്നാല്‍ രക്ഷപ്പെടാന്‍ കഴിയാതെവന്ന കുട്ടി ശക്തമായ ഒഴുക്കിലേക്ക് നീങ്ങുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന സൗദി യുവാവ് ആമിര്‍ ബിന്‍ മൂസ അല്‍ശഹ്‌രി വെള്ളത്തിലേക്ക് എടുത്തുചാടി കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി.
ശക്തമായ മലവെള്ളപ്പാച്ചിലിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി ആമിര്‍ ബിന്‍ മൂസ ഇറങ്ങുന്നത് മറ്റുള്ളവര്‍ എതിര്‍ക്കുകയും തടയുകയും ചെയ്‌തെങ്കിലും ഇത് വകവെക്കാതെയായിരുന്നു രക്ഷാപ്രവര്‍ത്തനം. രക്ഷപ്പെടുത്തിയ കുട്ടിയെ പിന്നീട് ആശുപത്രിയിലേക്ക് എത്തിച്ചു. കുട്ടി പൂര്‍ണ ആരോഗ്യവാനാണ്. ശക്തമായ മലവെള്ളപ്പാച്ചിലില്‍ പെട്ട കുട്ടി ഒഴുകിപ്പോകുന്നതിന്റെയും ആമിര്‍ അല്‍ശഹ്‌രിയുടെ രക്ഷാപ്രവര്‍ത്തനത്തിന്റെയും ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.