അഴിമതിക്കേസില്‍ സൗദി ആരോഗ്യവകുപ്പിലെ 24 പേരെ അറസ്റ്റു ചെയ്തു

Update: 2021-01-20 01:49 GMT

റിയാദ് : സൗദി ആരോഗ്യ മന്ത്രാലയത്തിലെ 24 ഉദ്യോഗസ്ഥരെ അഴിമതിക്കേസില്‍ അറസ്റ്റു ചെയ്തതായി കണ്‍ട്രോള്‍ ആന്റ് ആന്റികറപ്ഷന്‍ കമ്മീഷന്‍ അറിയിച്ചു. കേസില്‍ ആകെ 71 പേര്‍ പ്രതികളാണ്. മെഡിക്കല്‍ മാലിന്യ സംസ്‌കരണ കമ്പനിക്ക് നിയമങ്ങള്‍ ബാധകമാക്കാതിരിക്കുകയും കമ്പനിയുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങള്‍ക്കു നേരെ നടപടിയെടുക്കാതിരിക്കുകയും ചെയ്യുകയായിരുന്നു ഈ ഉദ്യോഗസ്ഥര്‍. ഇതിനു വേണ്ടി ദശലക്ഷക്കണക്കിന് റിയാലും വിമാന ടിക്കറ്റുകളും ഹോട്ടല്‍ ബുക്കിംഗുകളും കാറുകളും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് കമ്പനി കൈക്കൂലിയായി കൈമാറി. ഉദ്യോഗസ്ഥരുടെ അടുത്ത ബന്ധുക്കള്‍ക്ക് കമ്പനിയില്‍ ജോലിയും നല്‍കി. ഇതടക്കം ഏഴു പ്രധാന അഴിമതി കേസുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കണ്‍ട്രോള്‍ ആന്റ് ആന്റികറപ്ഷന്‍ കമ്മീഷന്‍ പുറത്തുവിട്ടു.


ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്കു പുറമെ, കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പിലെ 15 ഉദ്യോഗസ്ഥരും മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയത്തിലെ 14 ഉദ്യോഗസ്ഥരും സര്‍ക്കാര്‍ യൂനിവേഴ്‌സിറ്റിയിലെ രണ്ടു അധ്യാപകരും മെഡിക്കല്‍ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയിലെ 16 ജീവനക്കാരും ഈ കേസില്‍ പ്രതികളാണ്.




Tags:    

Similar News