സൗദി മന്ത്രിസഭയില്‍ സുപ്രധാന മാറ്റങ്ങള്‍; പുതിയ മന്ത്രിമാരെ നിയമിച്ച് സല്‍മാന്‍ രാജാവിന്റെ ഉത്തരവ്

Update: 2023-03-06 01:52 GMT

റിയാദ്: സൗദി മന്ത്രിസഭയില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിറക്കി. പുതിയ വാര്‍ത്താവിതരണ മന്ത്രിയായി സല്‍മാന്‍ ബിന്‍ യുസുഫ് അല്‍ദോസരിയെ നിയമിച്ചു. ഇബ്രാഹിം ബിന്‍ മുഹമ്മദ് അല്‍ സുല്‍ത്താനെ സ്‌റ്റേറ്റ് മന്ത്രിയായും മന്ത്രിസഭാ കൗണ്‍സില്‍ അംഗമായും നിയമിച്ചു. മുതിര്‍ന്ന റാങ്കിലുള്ള സാംസ്‌കാരിക സഹമന്ത്രിയായി റകാന്‍ ബിന്‍ ഇബ്രാഹിം അല്‍ തൗഖ് നിയമിതനായി.

ഇസ്മായില്‍ ബിന്‍ സയ്ദ് അല്‍ഗാംദിയെ മുതിര്‍ന്ന റാങ്കില്‍ മാനവ വിഭവശേഷി സാമൂഹിക വികസന ഉപ മന്ത്രിയായും നിയമിച്ചു. ഹമൂദ് അല്‍ മുറൈഖിയെ മന്ത്രി പദവിയോടെ റോയല്‍ കോര്‍ട്ട് ഉപദേശകനായും ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് ബിന്‍ ആമിര്‍ അല്‍ ഹര്‍ബിയെ രഹസ്യാന്വേഷണവിഭാഗം ഉപാധ്യക്ഷനായും നിയമിച്ചു. ഡോ. അബ്ദുറഹ്മാന്‍ ബിന്‍ ഹമദ് അല്‍ഹര്‍കാനെ മുതിര്‍ന്ന റാങ്കില്‍ സ്‌റ്റേറ്റ് റിയല്‍ എസ്‌റ്റേറ്റ് ജനറല്‍ അതോറിറ്റി ഗവര്‍ണറായി നിയമിതനായി. വാര്‍ത്താവിതരണ മന്ത്രിയായി നിയമിതനായ സല്‍മാന്‍ ബിന്‍ യൂസുഫ് അല്‍ദോസരി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് പത്രലേഖകനായാണ്.

രാജ്യത്തെ നിരവധി മുന്‍നിര മാധ്യമങ്ങളുടെ ഉടമസ്ഥരായ സൗദി റിസര്‍ച്ച് ആന്റ് മാര്‍ക്കറ്റിങ് ഗ്രൂപ്പിന് കീഴിലുള്ള 'അല്‍ ഇക്തിസാദിയ' പത്രത്തിലായിരുന്നു സേവനം അനുഷ്ഠിച്ചിരുന്നത്. 2011ല്‍ അല്‍ ഇഖ്തിസാദിയയുടെ തലവനായി. മാനേജ്‌മെന്റ്, ഇക്കണോമിക്‌സ് എന്നിവയില്‍ ബിരുദം നേടിയ സല്‍മാന്‍ അല്‍ദോസരി നിരവധി പ്രാദേശിക, അന്തര്‍ദേശീയ സംഭവങ്ങള്‍ കവര്‍ ചെയ്യുകയും നിരവധി രാഷ്ട്രീയ ലേഖനങ്ങള്‍ എഴുതുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News