ബ്രിട്ടനില്‍ ചാള്‍സ് മൂന്നാമന്‍ ഇന്ന് രാജാവായി സത്യപ്രതിജ്ഞ ചെയ്യും

Update: 2022-09-10 01:12 GMT
ബ്രിട്ടനില്‍ ചാള്‍സ് മൂന്നാമന്‍ ഇന്ന് രാജാവായി സത്യപ്രതിജ്ഞ ചെയ്യും

ലണ്ടന്‍: ബ്രിട്ടനില്‍ അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ പിന്‍ഗാമിയായി മകന്‍ ചാള്‍സ് മൂന്നാമന്‍ ഇന്ന് രാജാവായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഞിയുടെ സംസ്‌കാരത്തിന്റെ സമയക്രമം ഔദ്യോഗികമായി രാജാവാണ് പ്രഖ്യാപിക്കുക. ഇന്നലെ ചാള്‍സ് രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. ജനത്തെ സേവിക്കാനായി ജീവിതം ഉഴിഞ്ഞുവച്ചയാളായിരുന്നു അമ്മ എലിസബത്ത് രാജ്ഞിയെന്നാണ് ചാള്‍സ് മൂന്നാമന്‍ പറഞ്ഞത്.

പുതിയ ഉത്തരവാദിത്തങ്ങള്‍ വരുന്നതോടുകൂടി തന്റെ ജീവിതവും മാറുമെന്ന് ചാള്‍സ് ഉറപ്പുനല്‍കി. ''അഗാധമായ സങ്കടത്തോടുകൂടിയാണ് ഞാന്‍ നിങ്ങളോടു സംസാരിക്കുന്നത്. എന്റെ അമ്മ കുടുംബത്തില്‍ എല്ലാവര്‍ക്കും പ്രചോദനവും മാതൃകയുമായിരുന്നു. സ്വന്തം കടമകള്‍ നിര്‍വഹിക്കാനായി അവര്‍ ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ചു. എലിസബത്ത് രാജ്ഞിയുടെ അതേ പ്രതിജ്ഞയാണ് ഇന്ന് ഞാനും നിങ്ങള്‍ക്കുമുന്നില്‍ പുതുക്കുന്നത്. വളരെ നന്നായി ജീവിച്ചയാളാണ് എലിസബത്ത് രാജ്ഞി. അമ്മയുടെ ഓര്‍മകള്‍ക്കു മുന്നില്‍ ആദരാഞ്ജലികള്‍.

അമ്മയുടെ മരണം പലര്‍ക്കും വലിയ ദു:ഖത്തിനു കാരണമായിട്ടുണ്ട്. അതില്‍ ഞാനും പങ്കുചേരുന്നു''-അദ്ദേഹം പറഞ്ഞു. എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങ് 19നാണ്. പ്രാദേശിക സമയം ഉച്ചയോടെ ലണ്ടനിലെത്തിയ ചാള്‍സ് രാജാവ് പ്രധാനമന്ത്രി ലിസ് ട്രസുമായി കൂടിക്കാഴ്ച നടത്തി. എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ ചാള്‍സ് ബ്രിട്ടന്റെ രാജാവായെങ്കിലും ഔദ്യോഗിക സ്ഥാനാരോഹണം ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10ന് സെന്റ് ജെയിംസ് കൊട്ടാരത്തില്‍ നടക്കും. പ്രിവി കൗണ്‍സില്‍ അംഗങ്ങളും പുരോഹിതരും ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് ഉച്ചയ്ക്കു പാര്‍ലമെന്റ് ചേര്‍ന്ന് എംപിമാര്‍ രാജാവിനു പിന്തുണയറിയിക്കും.

രാജ്ഞിയുടെ സംസ്‌കാരത്തിന്റെ സമയക്രമം അതിനുശേഷമാവും പ്രഖ്യാപിക്കുക. രാജ്യത്തെ പ്രധാന പള്ളികളിലെല്ലാം രാജ്ഞിക്ക് ആദരമര്‍പ്പിച്ച് കൂട്ടമണി മുഴക്കി. രാജ്ഞിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ ബ്രിട്ടിഷ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം നടക്കുകയാണ്. പ്രധാനമന്ത്രി ലിസ് ട്രസും മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും അടക്കമുള്ളവര്‍ രാജ്ഞിയുടെ പ്രവര്‍ത്തനങ്ങള്‍ അനുസ്മരിച്ചു. ബക്കിങ്ഹാം കൊട്ടാരത്തിനും പുറത്ത് ഇപ്പോഴും ജനങ്ങള്‍ തടിച്ചുകൂടി നില്‍ക്കുകയാണ്.

രാജകുടുംബത്തിന്റെ കൊട്ടാരങ്ങള്‍ക്കു മുന്നിലെല്ലാം ജനങ്ങള്‍ പൂക്കള്‍ സമര്‍പ്പിച്ച് ആദരമര്‍പ്പിക്കുന്നുണ്ട്. ഈ മാസം എട്ടിനായിരുന്നു എലിസബത്ത് രാജ്ഞിയുടെ അന്ത്യം. 96 വയസായിരുന്നു. ഏറ്റവും ദീര്‍ഘകാലം ബ്രിട്ടീഷ് രാജസിംഹാസനത്തിലിരുന്ന അപൂര്‍വനേട്ടത്തിനുടമയായിരുന്നു എലിസബത്ത്. സ്‌കോട്ട്‌ലന്‍ഡിലെ ബെല്‍മോര്‍ കൊട്ടാരത്തിലായിരുന്നു അന്ത്യം. 2015ലാണ് എലിസബത്ത് രാജ്ഞി ഏറ്റവും ദീര്‍ഘമായ കാലം ബ്രിട്ടനെ ഭരിച്ച ഭരണാധികാരിയെന്ന റെക്കോര്‍ഡിനുടമയാവുന്നത്. മുതുമുത്തശ്ശി വിക്ടോറിയ രാജ്ഞിയെ മറികടന്നായിരുന്നു അവര്‍ ഈ നേട്ടം സ്വന്തമാക്കിയത്.

Tags:    

Similar News