കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി ദിനേഷ് ഗുണവര്‍ധനെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയ്ക്കു മുമ്പാകെയാണ് ഗുണവര്‍ധനെ സത്യപ്രതിജ്ഞ ചെയ്തത്. ശ്രീലങ്കയിലെ മുന്‍ പ്രഡിഡന്റ് രജപക്‌സെയുടെ അനുയായിയാണ് ഗുണവര്‍ധനെ. നേരത്തെ ആഭ്യന്തരം, തദ്ദേശം, വിദേശകാര്യം, വിദ്യാഭ്യാസം എന്നീ വകുപ്പുകളില്‍ മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പുതിയ ഭരണാധികാരികള്‍ സ്ഥാനമേറ്റെടുത്തെങ്കിലും ശ്രീലങ്കയില്‍ സാമ്പത്തിക സ്ഥിതിഗതികളില്‍ വലിയ മാറ്റമുണ്ടായിട്ടില്ല.
റെനില്‍ വിക്രമസിംഗെ ശ്രീലങ്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രക്ഷോഭകാരികള്‍ക്കുനേരേ നടപടി കടുപ്പിച്ചിരുന്നു. പ്രസിഡന്റിന്റെ ഓഫിസിനകത്തുണ്ടായിരുന്ന പ്രക്ഷോഭകരെ ഒഴിപ്പിച്ചു. സെക്രട്ടേറിയറ്റിന് മുന്നിലെ പ്രക്ഷോഭകരുടെ സമരപ്പന്തലുകള്‍ തകര്‍ത്തു. നിരവധി പേരെ അറസ്റ്റുചെയ്തു. സൈന്യത്തിന്റെ നീക്കത്തിനെതിരേ പ്രതിഷേധിച്ച പ്രക്ഷോഭകര്‍ക്ക് നേരേ ലാത്തിച്ചാര്‍ജുണ്ടായി.
നിരവധി പേര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. ഇന്ന് വൈകിട്ടോടെ പ്രക്ഷോഭകര്‍ പൂര്‍ണമായി ഒഴിയണമെന്നാണ് അന്ത്യശാസനം നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ടോടെ പ്രസിഡന്റിന്റെ കൊട്ടാരം ഒഴിഞ്ഞുകൊടുക്കുമെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് സൈനിക ഇടപെടലുണ്ടായത്. പ്രഗോതബായെ രാജപക്‌സെ പ്രസിഡന്റ് പദമൊഴിയണമെന്നാവശ്യപ്പെട്ട് ജൂലൈ 9നാണ് പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ കൊട്ടാരം കൈയേറിയത്.