റിയാദ്: ചരിത്രപ്രസിദ്ധമായ സുബാല ഗ്രാമത്തെ സമൂഹ മാധ്യമങ്ങളില്‍ അപഹസിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയെന്ന് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ഖാലിദ് രാജകുമാരന്‍. മാലിന്യം എന്ന തരത്തിലുള്ള അര്‍ഥം വരുന്ന ഗ്രാമത്തിന്റെ പേരിനെ സമൂഹ മാധ്യമങ്ങളില്‍ ഏതാനും പേര്‍ പരിഹസിച്ചത് പ്രദേശവാസികളെ ചൊടിപ്പിച്ചിരുന്നു. 'സുബാല' എന്ന പേര് ഒരു യുവാവ് ഉച്ചരിച്ച് അപഹസിക്കുന്നതും കൂടെയുള്ളവര്‍ ചിരിക്കുന്നതുമായ വീഡിയോ ആണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത്. പൊതുമര്യാദക്കും സൗദി പാരമ്പര്യത്തിനും നിരക്കാത്ത രീതിയിലുള്ള അപഹാസം സമൂഹത്തിന് മൊത്തം ദോഷം ചെയ്യുമെന്നതിനാല്‍ കുറ്റവാളികളെ കണ്ടെത്തി കടുത്ത ശിക്ഷാനടപടി സ്വീകരിക്കണമെന്ന് ഫൈസല്‍ ബിന്‍ ഖാലിദ് രാജകുമാരന്‍ സുരക്ഷാവിഭാഗത്തിന് നല്‍കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കി. മുന്‍കാലങ്ങളില്‍ വിദൂരദേശങ്ങളില്‍നിന്ന് മക്കയിലേക്ക് തിരിക്കുന്ന ഹാജിമാരും ഇതര സഞ്ചാരികളും വിശ്രമത്തിനായി തെരഞ്ഞെടുത്തിരുന്ന നാടാണ് സുബാല.