ഷോപ്പിങ് മാളുകളിലും സൗദിവല്‍ക്കരണം; നടപടി ആഗസ്ത് ഒന്നുമുതല്‍

ഷോപ്പിങ് മാളുകളുടെ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസുകളിലെ ജോലികള്‍ പൂര്‍ണമായും സൗദിവല്‍ക്കരിച്ചു.

Update: 2021-04-08 05:28 GMT

റിയാദ് : സൗദി അറേബ്യയിലെ ഷോപ്പിങ് മാളുകളില്‍ ആഗസ്ത് നാലു മുതല്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പിലാക്കും. ഷോപ്പിംഗ് മാളുകളിലെ പരിമിതമായ തൊഴിലുകള്‍ മാത്രമാണ് സൗദിവല്‍ക്കരണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. ആഗസ്ത് നാലു മുതല്‍ പരിശോധന ആരംഭിക്കുമെന്നും ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി മുന്നറിയിപ്പ് നല്‍കി.


ഷോപ്പിങ് മാളുകളുടെ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസുകളിലെ ജോലികള്‍ പൂര്‍ണമായും സൗദിവല്‍ക്കരിച്ചു. മാളുകളോട് ചേര്‍ന്ന കോഫി ഷോപ്പുകളില്‍ 50 ശതമാനവും റെസ്‌റ്റോറന്റുകളില്‍ 40 ശതമാനവും സൗദിവല്‍ക്കരണമാണ് നടപ്പാക്കേണ്ടത്. ശുചീകരണ തൊഴിലാളി, കയറ്റിറക്ക് തൊഴിലാളി, ഗെയിം റിപ്പയര്‍ ടെക്‌നീഷ്യന്‍, ബാര്‍ബര്‍ എന്നീ തൊഴിലുകളെ സൗദിവല്‍ക്കരണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഈ വിഭാഗം തൊഴിലാളികളുടെ എണ്ണം ഒരു ഷിഫ്റ്റില്‍ ആകെ തൊഴിലാളികളുടെ 20 ശതമാനത്തില്‍ കവിയാന്‍ പാടില്ല. ഇവര്‍ യൂനിഫോം ധരിക്കുകയും വേണം.


റെസ്‌റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍, വന്‍കിട സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലെ നിശ്ചിത തൊഴിലുകളില്‍ സൗദിവല്‍ക്കരണ അനുപാതം ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്. കോഫി ഷോപ്പ് മാനേജര്‍, റെസ്‌റ്റോറന്റ് മാനേജര്‍, ഷോറൂം മാനേജര്‍, അസിസ്റ്റന്റ് കൊമേഴ്‌സ്യല്‍ മാനേജര്‍, ഇന്‍ഡോര്‍ സെയില്‍സ് മാനേജര്‍, മാര്‍ക്കറ്റിംഗ് ആന്റ് കസ്റ്റമര്‍ സര്‍വീസ് മാനേജര്‍, റീട്ടെയില്‍ സെയില്‍സ് സൂപ്പര്‍വൈസര്‍, ക്യാഷ് കൗണ്ടര്‍ സൂപ്പര്‍വൈസര്‍ എന്നിവയിലും സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കി.




Tags:    

Similar News