സയാനി ഘോഷിന്റെ അറസ്റ്റ്; കേന്ദ്ര സര്‍ക്കാരുമായി പോരിനുറച്ച് മമതാ ബാനര്‍ജി
ന്യൂഡല്‍ഹി: നടി സയാനി ഘോഷിന്റെ അറസ്റ്റ് തൃണമൂല്‍ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള തുറന്ന പോരിലേക്ക് നീങ്ങുമെന്ന് ഏകദേശം ഉറപ്പായി. നടിയും ബംഗാള്‍ തൃണമൂല്‍ യൂത്ത് വിങ് നേതാവുമായ സയാനിയെ ത്രിപുര പോലിസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഡല്‍ഹി നോര്‍ത്ത് ബ്ലോക്കില്‍ തൃണമൂല്‍ എംപിമാരുടെ പ്രതിഷേധ ധര്‍ണ നടക്കുകയാണ്. തൃണമൂലിലെ രാജ്യസഭാ, ലോക്‌സഭാ അംഗങ്ങളായ ഡെറക് ഒബ്രിയാന്‍, സുഖേന്ദു ശേഖര്‍ റോയ് തുടങ്ങിയ പ്രമുഖര്‍ നോര്‍ത്ത് ബ്ലോക്കില്‍ ധര്‍ണയില്‍ പങ്കെടുക്കുന്നുണ്ട്. പ്രതിഷേധത്തിന് ചൂട് പകരാന്‍ മമതാ ബാനര്‍ജി ഇന്നു തന്നെ നോര്‍ത്ത് ബ്ലോക്കിലെത്തുന്നുണ്ട്. അതോടെ ത്രിപുരയ സര്‍ക്കാര്‍ കുറച്ചുകാലമായി നടത്തിക്കൊണ്ടിരിക്കുന്ന തൃണമൂല്‍ മര്‍ദ്ദനം ദേശീയ മാധ്യമങ്ങളുടെ തലക്കെട്ടുകളില്‍ സ്ഥാനം പിടിക്കും.
ഞായറാഴ്ചയാണ് നടി സയാനി ഘോഷിനെ ത്രിപുര പോലിസ് അറസ്റ്റ് ചെയ്തത്. മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയിലെ മുഖ്യമന്ത്രി പങ്കെടുക്കുന്ന ഒരു യോഗസ്ഥലത്തിനു സമീപം സയാനി ഘോഷ് വാഹനത്തില്‍ പോകുന്നതിനിടയില്‍ 'കളി തുടങ്ങി'യെന്ന് വിളിച്ചുപറഞ്ഞതാണ് പ്രശ്‌നങ്ങളുടെ തുടക്കം. മുദ്രാവാക്യം വിളി കേട്ട് പോലിസ് സയാനിയെയും കൂടെയുണ്ടായിരുന്നവരെയും അറസ്റ്റ് ചെയ്തു. സയാനിയും സംഘവും കൊലപാക ശ്രമവുമായെത്തിയതാണെന്നായിരുന്നു പോലിസിന്റെ ആരോപണം. വെറുമൊരു മുദ്രാവാക്യം വിളിയെ കൊലപാതക ശ്രമമായും ഗൂഢാലോചനയായും വിശേഷിപ്പിച്ച് ഇവര്‍ക്കെതിരേ കടുത്ത വകുപ്പുകളും ചുമത്തി. ആരെയാണ് കൊല്ലാന്‍ ശ്രമിച്ചതെന്നോ എവിടെവച്ചാണെന്നോ പോലിസ് വിശദീകരിച്ചിട്ടില്ല. തെളിവുകളുണ്ടെന്ന് മാത്രമാണ് ആവര്‍ത്തിക്കുന്നത്.
ബംഗാള്‍ തിരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയുടെ മുദ്രാവാക്യമായിരുന്നു 'കളി തുടങ്ങി'യെന്നത്. 'ജയ് ശ്രീറാ'മിനു പകരമായിരുന്നു 'കളി തുടങ്ങി'. ഈ മുദ്രാവാക്യമാണ് സയാനിയും യോഗത്തിനു സമീപം വച്ച് മുഴക്കിയത്.
ഘോഷിന്റെ അറസ്റ്റ് വാര്‍ത്ത പുറത്തുവന്ന ഉടന്‍ എല്ലാ എംപിമാരോടും ഡല്‍ഹിയിലേക്ക് പുറപ്പെടാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കി. പതിനഞ്ചോളം പേര്‍ തലസ്ഥാനത്തെത്തിയിട്ടുണ്ട്. അവര്‍ക്ക് ബലം പകരനാണ് മമതാ ബാനര്‍ജി ഡല്‍ഹിയിലെത്തുന്നത്.
സയാനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായെ കാണാന്‍ തൃണമൂല്‍ നേതാക്കള്‍ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ലെന്നാണ് എംപിമാര്‍ ആരോപിക്കുന്നത്. കേന്ദ്രം അത് നിഷേധിച്ചിട്ടുമില്ല.
''എന്തുകൊണ്ടാണ് കാണാനുള്ള അനുമതി നിഷേധിച്ചത്? എന്തുകൊണ്ടാണ് ഈ രാജ്യത്തെ ജനങ്ങളുടെ സുരക്ഷയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് ജാഗ്രതയില്ലാത്തത്? മിസ്റ്റര്‍ അമിത് ഷാ ഞങ്ങള്‍ക്ക് ഉത്തരം വേണം. ത്രിപുരയിലെ പ്രശ്‌നങ്ങളില്‍ ഉടന്‍ ഇടപെടണം''- ത്രിണമൂല്‍ പാര്‍ട്ടി ഒഫിഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നുള്ള ട്വീറ്റില്‍ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി മുതല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സായ നോര്‍ത്ത് ബ്ലോക്കില്‍ ആഭ്യന്തര മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുകയാണെന്ന് തൃണമൂല്‍ എം പി സൗഗത റോയി പറഞ്ഞു.
ത്രിപുരയില്‍ ബിജെപി ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അത്തരം എല്ലാ ശ്രമങ്ങളെയും ചെറുത്തുതോല്‍പ്പിക്കുമെന്നും സൗഗത റോയി പറഞ്ഞു. എംപിമാര്‍ക്ക് പുറമെ പാര്‍ട്ടിയുടെ ത്രിപുര ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയും തലസ്ഥാനത്തുണ്ട്. മമതയുടെ ബന്ധുവായ അഭിഷേകിന് പല തവണ ത്രിപുരയില്‍ പോലിസിന്റെ പീഡനം ഏര്‍ക്കേണ്ടിവന്നിട്ടുണ്ട്. അഭിഷേകിന്റെ അറസ്റ്റ് പല തവണ ത്രിപുര , ബംഗാള്‍ പോരായി പോലും മാറി. ത്രിപുരയില്‍ സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ തൃണമൂല്‍ നേതാക്കള്‍ ആക്രമിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് അരയും തലയും മുറുക്കി തൃണമൂല്‍ നേതാക്കള്‍ രംഗത്തെത്തിയത്. എന്താണ് സംഭവിക്കുകയെന്ന് കാത്തിരുന്നു കാണാം.