സ്വാതന്ത്ര്യ സമരങ്ങള്‍ സംഘപരിവാര്‍ വക്രീകരിക്കുന്നുവെന്ന് ടി എന്‍ പ്രതാപന്‍ എംപി
തിരൂര്‍: സ്വാതന്ത്ര്യ സമരങ്ങളെയാകെ വക്രീകരിക്കാനുള്ള ആസൂത്രിത ശ്രമമാണ് സംഘപരിവാര്‍ നടത്തുന്നതെന്ന് ടി എന്‍ പ്രതാപന്‍ എം പി പറഞ്ഞു. ഗാന്ധിജിയെയും നെഹ്‌റുവിനെയും വരെ വിസ്മരിക്കാനുള്ള ശ്രമങ്ങളുള്ള കാലത്ത് മലബാര്‍ കലാപം വര്‍ഗീയവത്കരിക്കുന്നതില്‍ അത്ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു. ടെല്‍ബ്രെയ്ന്‍ ബുക്‌സ് തിരൂരില്‍ സംഘടിപ്പിച്ച 1921 പോരാളികള്‍ വരച്ച ദേശഭൂപടങ്ങള്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലങ്കോട് ലീലാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കുറുക്കോളി മൊയ്തീന്‍ എംഎല്‍എ, ഡോ. ഹുസൈന്‍ രണ്ടത്താണി, എ ശിവദാസന്‍, ഷെയ്ക്ക് മുഹമ്മദ് കാരക്കുന്ന്, അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍, മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരി, ശരീഫ് മേലേതില്‍ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ എ പി നസീമ, കൗണ്‍സിലര്‍ അബ്ദുല്‍ സലാം, പി സുരേന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.
ചടങ്ങില്‍ പി. സുരേന്ദ്രന്‍ രചിച്ച് ടെല്‍ബ്രെയ്ന്‍ ബുക്ക്‌സ് പ്രസിദ്ധീകരിച്ച 1921 പോരാളികള്‍ രചിച്ച ദേശഭൂപടങ്ങള്‍ എന്ന യാത്രാപുസ്തകത്തിന്റെ പ്രകാശനം വേദിയിലെ വിശിഷ്ട വ്യക്തികള്‍ ചേര്‍ന്ന് നിര്‍വഹിച്ചു. റഫീഖ് പെരുമുക്ക് സ്വാഗതവും കെ. മണികണ്ഠന്‍ നന്ദിയും പറഞ്ഞു.