2009ല്‍ ദന്തേവാഡയില്‍ ആദിവാസികളെ സുരക്ഷാ സേന കൊലപ്പെടുത്തിയ കേസ്;ഹരജി സുപ്രിംകോടതി തള്ളി,ഹരജിക്കാരന് 5 ലക്ഷം രൂപ പിഴ

നിരപരാധികളായ 17 ആദിവാസികളെ സുരക്ഷാ സേന കൊലപ്പെടുത്തിയെന്നും നിരവധി പേരെ പീഡിപ്പിച്ചെന്നുമായിരുന്നു ഹിമാന്‍ഷു കുമാറിന്റെ ഹരജിയില്‍ ആരോപണം

Update: 2022-07-14 10:46 GMT

ന്യൂഡല്‍ഹി:2009ല്‍ ദന്തേവാഡയില്‍ രണ്ടിടങ്ങളിലായി 17 ആദിവാസികളെ കൊലപ്പെടുത്തിയ കേസില്‍ ഛത്തീസ്ഗഡ് പോലിസിനും കേന്ദ്ര സുരക്ഷാ സേനയ്ക്കുമെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് ഹിമാന്‍ഷു കുമാര്‍ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി.ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നടപടി. 5 ലക്ഷം രൂപ പിഴ ഈടാക്കാനും ഉത്തരവിട്ടു.

കേന്ദ്ര സുരക്ഷാ സേനക്കും സംസ്ഥാന പോലിസിനുമെതിരെ ഗൂഢാലോചന നടത്തിയതിനും വ്യാജ തെളിവുകള്‍ സൃഷ്ടിച്ചതിനും കുമാറിനെതിരെ കേസെടുക്കാന്‍ സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിന് അനുമതി നല്‍കി.

നിരപരാധികളായ 17 ആദിവാസികളെ സുരക്ഷാ സേന കൊലപ്പെടുത്തിയെന്നും നിരവധി പേരെ പീഡിപ്പിച്ചെന്നുമായിരുന്നു ഹിമാന്‍ഷു കുമാറിന്റെ ഹരജിയില്‍ ആരോപണം. 2009ല്‍ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. അന്ന് ദന്തേവാഡ ജില്ലയില്‍ ഉണ്ടായിരുന്നതും ഇപ്പോള്‍ സുക്മ ജില്ലയുടെ കീഴിലുള്ളതുമായ മൂന്ന് ഗ്രാമങ്ങളിലെ താമസക്കാരുടെ സാക്ഷിമൊഴികള്‍ താന്‍ രേഖപ്പെടുത്തിയതായി കുമാര്‍ തന്റെ ഹരജിയില്‍ വ്യക്തമാക്കി.വെല്‍പോച്ചയിലും നാല്കത്തോങ്ങിലും രണ്ട് ഗ്രാമീണരെയും ഗോമ്പാടിലെ ഒമ്പത് ഗ്രാമീണരെയും സുരക്ഷാ സേന വധിച്ചതായി നാട്ടുകാരും ആരോപിച്ചിരുന്നു.

സേനക്കെതിരെ കള്ളക്കേസ് ഫയല്‍ ചെയ്യുന്ന വ്യക്തികളെ തിരിച്ചറിയാന്‍ വിഷയം സിബിഐയ്‌ക്കോ എന്‍ഐഎക്കോ കൈമാറണമെന്ന് കുമാറിന്റെ ആരോപണങ്ങള്‍ക്കെതിരേ സുപ്രിംകോടതിയില്‍ നല്‍കിയ മറുപടിയില്‍ കേന്ദ്ര ആഭ്യന്തര സുരക്ഷാ മന്ത്രാലയം ആവശ്യപ്പെട്ടു.തെളിവുകള്‍ പരിശോധിച്ചപ്പോള്‍ സാക്ഷ്യങ്ങള്‍ വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് കണ്ടെത്തിയതായും കേന്ദ്രം മറുപടിയില്‍ പറഞ്ഞു.ഹരജിക്കാരന്‍ ഉന്നയിച്ച എല്ലാ വാദങ്ങളും വ്യാജവും,കെട്ടിച്ചമച്ചതാണെന്ന് കേന്ദ്രം ഉന്നയിച്ചു.

2010ലെ സുപ്രിംകോടതി ഉത്തരവനുസരിച്ച് ഡല്‍ഹി ജില്ലാ ജഡ്ജി ഹരജിക്കാരുടെ മൊഴി രേഖപ്പെടുത്താന്‍ ഉത്തരവിട്ടിരുന്നു. 2010ല്‍ ഈ വിഷയത്തില്‍ എടുത്ത മൊഴികള്‍ 2022 മാര്‍ച്ചില്‍ മാത്രമാണ് കേന്ദ്രത്തിന് ലഭിച്ചതെന്നും സര്‍ക്കരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു, വെടിയൊച്ച കേട്ട് കാട്ടിലേക്ക് ഓടിയെത്തിയ ഗ്രാമവാസികള്‍ അക്രമികള്‍ കാട്ടില്‍ നിന്ന് വരുന്നത് കണ്ടതായും വ്യക്തമാക്കി.ഹരജിക്കാരാരും പോലിസിനോ മറ്റ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കോ എതിരെ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.ഇത്തരം ഹരജികള്‍ രാജ്യസുരക്ഷക്ക് ഭീഷണി മാത്രമല്ല, സുരക്ഷാ സേനയുടെ മനോവീര്യം കുറയ്ക്കുകയും ചെയ്യുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.ഹരജിക്കാരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിനെയും അനുവദിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അഭ്യര്‍ത്ഥിച്ചു.ഇടതുപക്ഷ തീവ്രവാദികളെ 'സുരക്ഷാ സേനകള്‍ കൂട്ടക്കൊല ചെയ്യുന്ന നിരപരാധികളായ ആദിവാസികളായി' ചിത്രീകരിക്കുക എന്നതായിരുന്നു ഹര്‍ജിക്കാരന്റെ ഏക ലക്ഷ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു.

Tags:    

Similar News